അമൃത്സർ : പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടി. ഫെബ്രുവരി 14ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് 20ലേക്കാണ് മാറ്റിയത്. പഞ്ചാബിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് തീയതിയിലെ മാറ്റം. തിരഞ്ഞെടുപ്പ് കമ്മീഷന് യോഗത്തിലാണ് തീരുമാനം.
ഫെബ്രുവരി 14ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് ആറ് ദിവസമെങ്കിലും മാറ്റിവയ്ക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിലെ ജനസംഖ്യയുടെ 32 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിലെ അംഗങ്ങള്‍ ഫെബ്രുവരി 10 മുതല്‍ 16 വരെ ഉത്തര്‍പ്രദേശിലെ ബനാറസ് സന്ദര്‍ശിക്കുമെന്നും അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കത്തില്‍ സൂചിപ്പിച്ചിരുന്നു.