ചെന്നൈ : തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുനും മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ പുഷ്പ വിവാദത്തിൽ. ഡിസംബര്‍ 17 ന് ആണ് സിനിമ റീലിസ് പ്രഖ്യാപിച്ചിരിക്കുന്നത്.
റിലീസിന് മുന്‍പേ ചിത്രത്തിന് ഒടിടി ഡിജിറ്റല്‍ റൈറ്റ്സുകളിലൂടെ 25 കോടി ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ ഒരു പാട്ടിനെതിരെയും പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആളുകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത ഒരു ഡാന്‍സ് നമ്പറുമായി എത്തുന്നുണ്ട്. എന്നാല്‍ ഈ ഗാനം പുരുഷന്മാരെ മോശക്കാരാക്കി കാണിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി എത്തിയിരിക്കുകയാണ് മെന്‍സ് അസോസിയേഷന് എന്ന സംഘടന.പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസ്ക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് സംഘടനയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇത് വരെ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല.
മലയാളത്തില്‍ രമ്യ നമ്പീശനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.