കോട്ടയം: ”ചേച്ചീ ഒന്നിങ്ങു വന്നേ.. കുറച്ച് ബിരിയാണിയുണ്ട്, കൊണ്ടുപൊയ്‌ക്കോ..’ പുതുപ്പള്ളി പയ്യപ്പാടിയില്‍ ഇന്ന് പുലര്‍ച്ചെ കൊല്ലപ്പെട്ട ഭര്‍തൃസഹോദരന്‍ സിജുവിന്റെ വാക്കുകള്‍ ഇപ്പോഴുമുണ്ട് കൊച്ചുമോളുടെ കാതുകളില്‍. തലേന്ന് രാത്രി ഒന്‍പതരയോടെയാണ് പ്രിയപ്പെട്ട അനുജന്‍ ജ്യേഷ്ഠ സഹോദരിയെ വിളിച്ച് ബിരിയാണിയുടെ പങ്ക് കൊടുത്തയച്ചത്. കുടുംബസമേതം ആ ബിരിയാണി രുചി പങ്കുവച്ചപ്പോള്‍ അവര്‍ അറിഞ്ഞിരുന്നില്ല, അനുജന്റെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന മുതദേഹം ആദ്യം കാണേണ്ട കറുത്തവിധി തനിക്കാണെന്ന്. രാവിലെ എട്ടര മണിയായിട്ടും സിജുവിനെയും ഭാര്യയെയും മകനെയും പുറത്ത് കാണാതിരുന്നതോടെയാണ് കൊച്ചുമോള്‍ തിരക്കിച്ചെന്നത്. വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടതോടെ അകത്തേക്ക് കയറിച്ചെന്നു. ഇരുട്ട് നിറഞ്ഞ മുറിയിലെ ലൈറ്റിന്റെ സ്വിച്ച് ഓണ്‍ ചെയ്ത നിമിഷം അവര്‍ ആ കാഴ്ചകണ്ടു, വെട്ടേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭര്‍തൃ സഹോദരന്‍, സിജു. നിലവിളിച്ചുകൊണ്ട് ശരീരത്തില്‍ തൊട്ട് വിളിച്ചപ്പോള്‍, ശരീരത്തിന് തണുപ്പായിരുന്നുവത്രേ… ആ ജീവന്‍ പോയിട്ട് ഏറെ നേരം കഴിഞ്ഞിട്ടുണ്ടാവും. കൊച്ചുമോളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്, പിന്നെ ആ നാട് മുഴുവന്‍ പയ്യപ്പാടി പടനിലം വീട്ടിലേക്ക് ഒഴുകിയെത്തി.
പ്രദേശത്തുള്ള എല്ലാവര്‍ക്കും പ്രിയപ്പെട്ട അയല്‍ക്കാരനായിരുന്നു സിജു. എന്ത് ആവശ്യത്തിനും എല്ലായിടത്തും ഓടിയെത്തുന്ന ഉപകാരിയായ ചെറുപ്പക്കാരന്‍. വിവാഹം കഴിച്ചത് അഗതിമന്ദിരത്തിലെ അന്തേവാസിയെ. നിരാലംബയായവള്‍ക്ക് ജീവിതം കൊടുത്തപ്പോള്‍ സിജു അറിഞ്ഞ് കാണില്ല, ആ കൈകള്‍ ജീവനെടുക്കുമെന്ന്. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജു(49) ആണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന മകനൊപ്പം കൃത്യത്തിന് ശേഷം വീട് വിട്ടിറങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വിട്ടിലായിരുന്നു സംഭവങ്ങള്‍. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതി ഇടയ്ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മകനെയും കൂട്ടി യുവതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതിന് ദൃക്‌സാക്ഷികളുണ്ട്. രാവിലെ എട്ടരയായിട്ടും വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാതിരുന്നതോടെ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് സിജിയുടെ മൃതദേഹം കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തെയും പൊലീസിനെയും വിവരം അറിയിച്ചു. പഞ്ചായത്ത്് അംഗം ശാന്തമ്മയും ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ളള പൊലീസ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.