പുതുപ്പള്ളി: പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജു(49) കൊല്ലപ്പെട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇരുട്ടില്‍ തപ്പി അന്വേഷണ സംഘം. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങിയത്. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജുവാണ് അരുംകൊലയ്ക്ക് ഇരയായത്. ഭാര്യ റോസന്ന മകനൊപ്പം കൃത്യത്തിന് ശേഷം വീട് വിട്ടിറങ്ങി.
പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വിട്ടിലായിരുന്നു സംഭവങ്ങള്‍. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതി ഇടയ്ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മകനെയും കൂട്ടി യുവതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതിന് ദൃക്സാക്ഷികളുണ്ട്. രാവിലെ എട്ടരയായിട്ടും വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാതിരുന്നതോടെ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് സിജിയുടെ മൃതദേഹം കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴ്നാട് ബോഡിമറ്റം സ്വദേശിനിയായ റോസന്ന സാന്ത്വനം എന്ന അനാഥാലയത്തിലെ അന്തേവാസിയായിരുന്നു. ഒന്‍പത്് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു സിജു റോസന്നയെ ജീവിത സഖിയാക്കിയത്. ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുള്ള വിവരം സാന്ത്വനത്തിലെ അധികൃതര്‍ മറച്ചുവച്ചിരുന്നു. ബന്ധുക്കളും ഏതാനും ചില നാട്ടുകാരും മാത്രമാണ് ഇവരുടെ വിവാഹ വിവരം അറിഞ്ഞത് പോലും. ഇവര്‍ക്ക് അച്ചു എന്ന വിളിപ്പേരുള്ള മകനുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി റോസന്നയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോകാനിരിക്കുകയായിരുന്നു സിജു. വീട്ടില്‍ പറയത്തക്ക വഴക്കുകളോ അസ്വാരസ്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും നല്ല നിലയില്‍ കുടുംബം നോക്കിയിരുന്ന വ്യക്തിയായിരുന്നു ഓട്ടോറിക്ഷ ഡ്രൈവര്‍ ആയ സിജുവെന്നും നാട്ടുകാര്‍ പറയുന്നു.
രാവിലെ ഏഴരയോടെ റെയില്‍വേ സ്റ്റേഷനില്‍ ആണ് റോസന്നയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കാണിക്കുന്നതെന്നും അവസാനമായി അവിടെ നിന്നാണ് ഇവരെ മിസ്സിങ് ആയ സാഹചര്യത്തില്‍ കണ്ടെത്തിയത് എന്നും ഈസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ റെജോ പി ജോസഫ് ജാഗ്രത ന്യൂസിനോട് പറഞ്ഞു. മാരകമായ മുറിവ് ഉണ്ടെന്നും രക്തം കട്ട പിടിച്ച് കിടക്കുകയാണെന്നും എന്ത് ആയുധം ഉപയോഗിച്ച് ആണ് കൊല നടത്തിയതെന്ന് അറിയാന്‍ പരിശോധനകള്‍ ആവശ്യമാണെന്നും ഫോറന്‍സിക് സംഘം വെളിപ്പെടുത്തി. വീടിന്റെ പരിസരത്തു നിന്നും ഒരു ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണും 100 രൂപയും കണ്ടെത്തിയിട്ടുണ്ട്
പ്രതി എന്ന് സംശയിക്കുന്ന റോസന്നയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. റെയില്‍വേ സ്റ്റേഷന് , ബസ് സ്റ്റാന്റ് എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിജുവിന്റെ തലയ്ക്കാണ് മുറിവ്. 302 വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.