മോസ്ക്കോ: ആഗോള തലത്തിൽ തന്നെ വലിയ ഭീഷണിയുയർത്തിയ റഷ്യ – യുക്രൈൻ യുദ്ധത്തിന് പരിഹാരമാകുന്നോ? ഏറെ നാളായി ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാർത്തയാണ് യുദ്ധം അവസാനിക്കുന്നുവെന്നത്. റഷ്യയും യുക്രൈനും ഇത്രയും കാലം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലായിരുന്നു. ആക്രമണവും പ്രത്യാക്രമണവുമായി ഇരുപക്ഷവും ഉറച്ചുനിന്നപ്പോൾ ചോരക്കളത്തിനാണ് ലോകം പലപ്പോഴും സാക്ഷ്യം വഹിച്ചത്. ഇപ്പോഴിതാ യുദ്ധത്തിന് പരിഹാരമാകാനുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ.
യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്ചക്ക് തയ്യാറെന്ന നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ് പുടിൻ. യുദ്ധം അവസാനിപ്പിക്കാൻ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ചയ്ക്ക് തയ്യാറെന്നും പുടിൻ അറിയിച്ചു. യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്ന വിലയിരുത്തലടക്കം നടത്തിയാണ് പുടിൻ, നിലപാട് മയപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റഷ്യക്കാരുമായുള്ള വാർഷിക ചോദ്യോത്തര വേളയിൽ സ്റ്റേറ്റ് ടിവിയിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടിക്കിടെയാണ് പുടിൻ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് മടങ്ങിയെത്തുന്നതിലെ സന്തോഷവും പുടിൻ പ്രകടമാക്കി. നാല് വർഷത്തോളമായി ട്രംപുമായി സംസാരിച്ചിട്ടെന്ന് പറഞ്ഞ പുടിൻ, ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റാകുന്നതോടെ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു. യുക്രൈൻ യുദ്ധത്തിലടക്കം ട്രംപുമായി ചർച്ചക്ക് റഷ്യ തയ്യാറാണെന്നും പുടിൻ വിവരിച്ചു.