തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. യാത്ര നിരക്ക് വര്‍ധനവുമായി ബന്ധപെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാന്‍ സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. അനിശ്ചിതകാല സമരം 21 മുതല്‍ ഉണ്ടാകില്ലെന്നും മാറ്റിവെച്ചതായും ബസ് ഉടമ സംയുക്ത സമിതി നേതാക്കള്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ച് ഒരുമാസം കഴിഞ്ഞിട്ടും തീരുമാനമൊന്നും ഉണ്ടായില്ലെന്നാരോപിച്ചാണ് ഉടമകള്‍ വീണ്ടും സമരം പ്രഖ്യാപനം നടത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം നല്‍കണമെങ്കില്‍ ടാക്‌സില്‍ ഇളവ് നല്‍കണം, അല്ലെങ്കില്‍ ഡീസലിന് സബ്‌സിഡി നല്‍കണമെന്നതാണ് ബസ് ഉടമകളുടെ ആവശ്യം. സര്‍ക്കാര്‍ ഇത് പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ഡിസംബര്‍ ആദ്യവാരം തന്നെ ബസ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ പോലും അംഗീകരിച്ചതാണെന്നും വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.