സ്പോർട്സ് ഡെസ്ക്ക് : ഓസ്ട്രേലിയക്കെതിരായ നാഗ്പൂര്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ സീനിയര്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ കാഴ്ച്ചവെച്ചത്. അശ്വിനെ നേരിടാന്‍ ഗംഭീര തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ താരത്തിന്റെ മികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഓസ്ട്രേലിയന്‍ ബാറ്റർമാര്‍ക്ക് സാധിച്ചില്ല. മത്സരത്തിലെ പ്രകടനത്തോടെ തകര്‍പ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് രവിചന്ദ്രന്‍ അശ്വിന്‍.
ആദ്യ ഇന്നിങ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ രണ്ടാം ഇന്നിങ്സില്‍ 37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ രവിചന്ദ്രന്‍ അശ്വിന്റെ മുപ്പത്തിയൊന്നാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. കൂടാതെ ഇന്ത്യന്‍ മണ്ണില്‍ അശ്വിന്‍ നേടുന്ന 25 ആം അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണിത്. ഇതോടെ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളറെന്ന തകര്‍പ്പന്‍ നേട്ടത്തില്‍ അനില്‍ കുംബ്ലെയ്ക്കൊപ്പം രവിചന്ദ്രന്‍ അശ്വിനെത്തി. ടെസ്റ്റ് കരിയറില്‍ 35 തവണ അഞ്ച് വിക്കറ്റ് നേട്ടം നേടിയിട്ടുള്ള അനില്‍ കുംബ്ലെ ഇന്ത്യന്‍ മണ്ണില്‍ 25 തവണ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരത്തില്‍ രണ്ട് ഇന്നിങ്സില്‍ നിന്നുമായി എട്ട് വിക്കറ്റ് നേടിയതോടെ 95 വിക്കറ്റ് നേടിയ ഹര്‍ഭജന്‍ സിങ്, നേതന്‍ ലയണ്‍ എന്നിവരെ പിന്നിലാക്കി ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറായി അശ്വിന്‍ മാറി. 111 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെ മാത്രമാണ് അശ്വിന് മുന്‍പിലുള്ളത്.