ന്യൂഡൽഹി : സിഖ് പരാമർശവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ബി.ജെ.പി നുണ പ്രചരിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. സിഖ് സമുദായത്തിലെ ഉൾപ്പെടെ എല്ലാവർക്കും ഭയമില്ലാതെ, സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറേണ്ടതല്ലേയെന്ന് രാഹുൽ ചോദിച്ചു. താൻ പറഞ്ഞതിൽ എവിടെയാണ് തെറ്റ് ? ഇക്കാര്യം സിഖ് സഹോദരങ്ങളോട് ചോദിക്കാൻ ആഗ്രഹിക്കുന്നു. പതിവു പോലെ ഈ വിഷയത്തിലും ബി.ജെ.പി വ്യാജപ്രചാരണം നടത്തുന്നുവെന്ന് രാഹുൽ പറഞ്ഞു.
സത്യം അംഗീകരിക്കാൻ കഴിയാതെ അവർ തന്നെ നിശബ്ദനാക്കാൻ ശ്രമിക്കുന്നു. ഇന്ത്യയെ നിർവചിക്കുന്ന നാനാത്വത്തിൽ ഏകത്വം, തുല്യത, സ്‌നേഹം തുടങ്ങിയ മൂല്യങ്ങൾക്ക് വേണ്ടി താൻ എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കും. എക്സ് അക്കൗണ്ടിലാണ് രാഹുലിന്റെ പ്രതികരണം. ഇന്ത്യയിൽ സിഖ് സമുദായത്തിന് സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാൻ കഴിയുന്നില്ലെന്ന മട്ടിൽ രാഹുൽ നടത്തിയ പ്രസംഗത്തിനെതിരെ കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു അടക്കം രംഗത്തെത്തിയിരുന്നു.