ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ക്ഷണമുണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. രാമക്ഷേത്ര തീര്‍ഥക്ഷേത്ര ട്രസ്റ്റ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും ക്ഷണം ലഭിക്കാനുള്ള യോഗ്യതയില്ലാത്തതാണ് കാരണമെന്നും ട്രസ്റ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 22ന് നടക്കുന്ന ചടങ്ങിലേക്ക് സോണിയാ ഗാന്ധിയെയും പാര്‍ട്ടി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗയെയും ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയെന്ന നിലയില്‍ ക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൃപേന്ദ്ര മിശ്രയാണ് സോണിയയെ ക്ഷണിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
മുഖ്യധാരാ പാര്‍ട്ടികളുടെ അധ്യക്ഷൻമാര്‍, ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍, 1984-നും 1992-നും ഇടയില്‍ രാമക്ഷേത്ര പ്രസ്ഥാനത്തില്‍ പങ്കെടുത്തവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗത്തിലുള്ള രാഷ്ട്രീയ അതിഥികള്‍ക്കാണ് ട്രസ്റ്റ് ക്ഷണക്കത്ത് അയക്കുന്നത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയെ വിഎച്ച്‌പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ ക്ഷണിച്ചിരുന്നു. 2014 മുതല്‍ ലോക്‌സഭയില്‍ ഔദ്യോഗിക പ്രതിപക്ഷ നേതാവ് ഇല്ലാത്തതിനാല്‍ വിഎച്ച്‌പി കോണ്‍ഗ്രസിന്റെ സഭാ നേതാവ് അധീര്‍ രഞ്ജൻ ചൗധരിയെയും ക്ഷണിച്ചു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും ഉടൻ കത്തയക്കുമെന്നും പറയുന്നു. ബിജെപി പ്രവര്‍ത്തകരായ ലാല്‍ കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ ചടങ്ങിലേക്ക് വിഎച്ച്‌പി ക്ഷണിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അയോധ്യ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് പ്രത്യേക ക്ഷണത്തിൻ്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. ഈ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളെയടക്കം ക്ഷണിച്ചത് വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത് ദ്വിഗ് വിജയ് സിംഗാണ്. സോണിയ ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന സംഘമോ അയോധ്യയിലേക്ക് പോകുമെന്നും ദ്വിഗ് വിജയ്സിംഗ് പറഞ്ഞു.