ന്യൂഡൽഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ ആത്മാഭിമാനത്തേക്കാള്‍ വലുതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ രാഷ്ട്രീയനേട്ടങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സ്വയംപ്രഖ്യാപിത ബാഹുബലിയാണെന്നും ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങളോട് പ്രധാനമന്ത്രി മുഖംതിരിക്കുകയാണെന്നും രാഹുല്‍ എക്സില്‍ കുറിച്ചു. രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും ആത്മാഭിമാനമാണു വലുത്. അതിനു ശേഷമാണ് മെഡലുകളും ആദരവുകളും.
ധീരരായ പെണ്‍കുട്ടികളുടെ കണ്ണീരിനേക്കാള്‍ വലുതാണോ സ്വയംപ്രഖ്യാപിത ബാഹുബലിക്ക് തന്റെ രാഷ്ട്രീയനേട്ടങ്ങള്‍? രാജ്യത്തിന്റെ സംരക്ഷകനാണു പ്രധാനമന്ത്രിയെന്നും അദ്ദേഹത്തില്‍നിന്ന് ഇത്തരം ക്രൂരതകളുണ്ടാകുന്നത് വേദനിപ്പിക്കുന്നുവെന്നും രാഹുല്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അര്‍ജുന പുരസ്കാരവും ഖേല്‍ രത്ന പുരസ്കാരവും ഗുസ്തി താരം വിനേഷ് ഫോഗട്ട് കഴിഞ്ഞദിവസം തിരിച്ചുനല്‍കിയിരുന്നു. ഡല്‍ഹിയിലെ കര്‍ത്തവ്യപഥിലെ ബാരിക്കേഡിനു മുന്നില്‍ പുരസ്കാരം വച്ച് മടങ്ങുകയായിരുന്നു അവര്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തേ ബ്രിജ്ഭൂഷന്റെ വിശ്വസ്തൻ സഞ്ജയ് സിംഗിനെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തിയില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്രംഗ് പുനിയ പദ്മശ്രീ മടക്കിനല്‍കിയും പ്രതിഷേധിച്ചു. പിന്നാലെ, ഗൂംഗല്‍ പെഹല്വാൻ എന്നറിയപ്പെടുന്ന ബധിര ഒളിന്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിംഗ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചു.