അഹമ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പില്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയെ പരാജയപ്പെടുത്തിയതുപോലെ ഗുജറാത്തിലും ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തോല്‍വി ഭയന്നാണ് അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് നരേന്ദ്ര മോദി പിന്മാറിയതെന്ന ആരോപണവും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ഗുജറാത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ അഹമ്മദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാതെ മോദി പിൻമാറിയത് പരാജയഭീതി ഭയന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
സർവേ റിപ്പോട്ടില്‍ തോല്‍വി ഉറപ്പെന്ന് വന്നതോടെ ആയിരുന്നു പിൻമാറ്റം. മോദിക്ക് ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, പിന്നെ എന്തുകൊണ്ടാണ് അയോധ്യയില്‍ ബിജെപി തോറ്റതെന്നും രാഹുല്‍ ചോദിച്ചു. എല്‍കെ അദ്വാനി തുടങ്ങിവെച്ച അയോധ്യ രഥയാത്രക്ക് ഇങ്ങനെ ആണ് അവസാനം ഉണ്ടായത്. രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ഭൂമി നഷ്ടപെട്ട അയോധ്യയിലെ ജനങ്ങളെ വിളിച്ചില്ല. അവിടെ ഉണ്ടായിരുന്നത് അദാനിയും അംബാനിയും കൂട്ടരും മാത്രമായിരുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ ബിജെപി ആക്രമിക്കുകയാണെന്നും യു.പിയില്‍ സംഭവിച്ചതുപോലെ ഗുജറാത്തിലെ ജനങ്ങളും ബിജെപിക്ക് തിരിച്ചടി നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അയോധ്യ ഉള്‍പ്പെടെയുള്ള യുപിയിലെ നിരവധി മണ്ഡലങ്ങളില്‍ ബിജെപി പരാജയപ്പെട്ടത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം.