ന്യൂഡൽഹി : രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ അതിദാരുണമായ വിധം ചുരുങ്ങി ഒതുങ്ങുകയാണ് കോണ്‍ഗ്രസ് എന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ദീര്‍ഘകാലത്തെ ഭരണപാരമ്ബര്യമുള്ള പാര്‍ട്ടി.ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭം പോലും മത്സരിച്ച അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഉപയോഗിക്കാനായില്ല.
ഉത്തര്‍പ്രദേശില്‍ വലിയ പ്രതീക്ഷയൊന്നും വച്ചു പുലര്‍ത്തിയിരുന്നില്ലെങ്കിലും ഭരണം കൈവശമുണ്ടായിരുന്ന പഞ്ചാബ് കൂടി കൈവിട്ടു പോയതോടെ കോണ്‍ഗ്രസിന്റെ പതനം പരിപൂര്‍ണമായി. ദേശീയ തലത്തില്‍ പ്രതിപക്ഷം ഒരുമിച്ചും ഒറ്റയ്ക്കൊറ്റയ്ക്കും ഉയര്‍ത്തിയ പ്രതിഷേധങ്ങളൊന്നും ബിജെപിയെ തരിമ്ബും ഏശിയിട്ടു പോലുമില്ലെന്നാണ് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റാലികളില്‍ ആളു കൂടി പക്ഷേ
ഉത്തര്‍പ്രദേശില്‍ നേരിട്ടേറ്റുമുട്ടിയിരുന്ന ബിജെപിയെയും സമാജ് വാദി പാര്‍ട്ടിയേക്കാളും ഏറ്റവും കൂടുതല്‍ റാലികള്‍ നടത്തിയത് പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസുമായിരുന്നു. പ്രിയങ്കയ്ക്കൊപ്പം ബിജെപിയെ പോലും അമ്ബരപ്പിക്കുന്ന വിധത്തില്‍ മൃദുവായോ അതിലപ്പുറം കടന്നോ കോണ്‍ഗ്രസും യുപിയില്‍ ഹിന്ദുത്വം പയറ്റി.
പ്രിയങ്കയ്ക്കൊപ്പം രാഹുലും പലവട്ടം കളത്തിലിറങ്ങി. പ്രിയങ്കയുടെ റാലികളിലേക്ക് ആളുകള്‍ ഇടിച്ചു കയറി തിങ്ങി നിറഞ്ഞു. കേന്ദ്രത്തിനും യോഗിക്കും എതിരേ ഒരു വലിയ വിരുദ്ധ വികാരം ഉണ്ടെന്ന കണക്കുകൂട്ടലില്‍ത്തന്നെ കോണ്‍ഗ്രസ് യുപിയിലും മറ്റു സംസ്ഥാനങ്ങളിലും പ്രചാരണങ്ങള്‍ നയിച്ചു. പക്ഷേ, യുപിയില്‍ മര്‍ക്കടമുഷ്ടിക്കാരനായ യോഗി ആദിത്യനാഥിനെതിരേ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു എന്ന വിലയിരുത്തല്‍ പോലും പാടേ പാളുകയായിരുന്നു.
പഞ്ചാബില്‍ കണ്ടത്
കോണ്‍ഗ്രസിനു അടിമുടി കണക്കുകൂട്ടലുകള്‍ പിഴച്ച സംസ്ഥാനം പഞ്ചാബ് ആയിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ വെറുപ്പിച്ചു പുറത്താക്കിയതും ചരണ്‍ജീത് സിംഗ് ചന്നിയെ മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിയും സിദ്ദുവിനെ അടക്കിയിരുത്തിയും നടത്തിയ പരീക്ഷണങ്ങളൊന്നും തന്നെ വിജയിച്ചില്ല.
കാര്‍ഷക സമരത്തിന്റെ പ്രതിഫലനം ഏറ്റവും കൂടുതല്‍ തെളിഞ്ഞ കാണേണ്ട സംസ്ഥാനമായിരുന്നു പഞ്ചാബ്. ശിരോമണി അകാലിദളിനെയും കോണ്‍ഗ്രസിനെയും സംസ്ഥാന രാഷ്ട്രീയ ചിത്ത്രതില്‍ നിന്നു പാടേ മായ്ച്ചു കളഞ്ഞു കൊണ്ടാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്ക് എത്തിയിരിക്കുന്നത്.
അമരീന്ദര്‍ സിംഗിന്റെ പിണങ്ങിപ്പോക്ക് മാത്രമല്ല സിദ്ദു അടക്കമുള്ള നേതാക്കളെ അടക്കമില്ലായ്മയും സംസ്ഥാനത്തു കോണ്‍ഗ്രസിനു മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തി. ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തായാണ് അരവിന്ദ് കേജരിവാളും ആം ആദ്മി പാര്‍ട്ടിയും അധികാരത്തില്‍ എത്തിയത്. അതു തന്നെ അവര്‍ പഞ്ചാബിലും നടപ്പാക്കുമ്ബോള്‍ കോണ്‍ഗ്രസിന്റെ നഷ്ടത്തിന്റെ ആഴവും വ്യാപ്തിയും എത്രയെന്ന് മനസിലാക്കാവുന്നതേയുള്ളൂ.
ഗോവയില്‍ കോണ്‍ഗ്രസിന്റെ സമയോചിത ഇടപെടലുകളില്‍ ഉണ്ടായ പിഴവുകള്‍ കൊണ്ടു മാത്രമാണ് അഞ്ചു വര്‍ഷം മുന്‍പ് ഭരണം കൈകളില്‍നിന്നു വഴുതിപ്പോയത്. ഇത്തവണയും തൂക്ക് സഭ ഉണ്ടായേക്കുമെന്ന കണക്കുകൂട്ടലില്‍ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്കു നീക്കുന്നതടക്കം തയാറെടുപ്പുകള്‍ നടത്തിയിരിക്കുമ്ബോഴാണ് ബിജെപി തൂത്തുവാരിക്കൊണ്ടു പോയത്.
മണിപ്പൂരിലും സ്ഥിതി മറ്റൊന്നല്ല. ഉത്തരാഖണ്ഡില്‍ ഹരീഷ് സിംഗ് റാവത്തിന്റെ അതൃപ്തിയെയും മുതിര്‍ന്ന നേതാവെന്ന പരിവേഷത്തെയും വേണ്ടവിധം കണക്കിലെടുക്കാത്ത ഹൈക്കമാന്‍ഡിന്റെ പിഴവ് തന്നെയാണ് മണിപ്പൂരിലും പ്രതിഫലിച്ചിരിക്കുന്നത്.
ദേശീയ പാര്‍ട്ടിയോ?
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു കഴിഞ്ഞ നേതൃസ്ഥാനം ഉപേക്ഷിച്ചിറങ്ങിയ രാഹുല്‍ ഗാന്ധിയില്‍ മാത്രം പ്രതീക്ഷ വച്ചു പുലര്ത്തിയിരുന്നാല് കോണ്‍ഗ്രസിന്റെ ദേശീയ പാര്‍ട്ടി എന്ന പരിവേഷം ഇനിയും പൂര്‍ണതോതില്‍ നിലനില്ക്കും എന്നു കരുതാനാകില്ല. ഒരുകാലത്ത് ശക്തവും തന്ത്രപരവുമായി സംസ്ഥാനങ്ങളില്‍ അടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് എന്ന സംവിധാനം ഇപ്പോള്‍ തീര്‍ത്തും ശക്തി ക്ഷയിച്ചിരിക്കുന്നു.
എന്തിനും ഏതിനും രാഹുലിന്റെ അനുവാദം എന്ന മട്ടിലുള്ള പ്രവര്‍ത്തനം പാര്‍ട്ടിക്ക് ഇനിയും ഗുണം ചെയ്യില്ല. മാത്രമല്ല, സംഘടന ചുമതല അശോക് ഗെഹ്ലോട്ടില്നിന്നു മാറിയ ശേഷം കോണ്‍ഗ്രസ് ഒരു സംസ്ഥാനത്തു പോലും ഭരണം പിടിച്ചെടുത്തിട്ടില്ല എന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്.