ദില്ലി: രാഹുല്‍ ഗാന്ധിയുടെ സിഖ് പരാമർശത്തില്‍ പ്രതിഷേധവുമായി ബിജെപി. പത്ത് ജൻപഥിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ സിഖുകാർക്ക് ടർബൻ ധരിക്കാനും ഗുരുദ്വാരയില്‍ പോകാനും പരിമിതികളുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പരാമർശമാണ് വിവാദമായത്. വിദേശത്ത് പോയാല്‍ രാജ്യത്തെ അപമാനിക്കുന്നത് രാഹുല്‍ ഗാന്ധി പതിവാക്കുന്നു വെന്ന് വിമർശിച്ച് അമിത് ഷായും രംഗത്തെത്തിയിട്ടുണ്ട്.
സിഖ് സമൂഹത്തിൻ്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാണെന്ന് തോന്നിയ ചരിത്രത്തിലെ ഒരേയൊരു സന്ദർഭം രാഹുല്‍ ഗാന്ധിയുടെ കുടുംബം അധികാരത്തിലിരുന്നപ്പോഴാണെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയും പ്രതികരിച്ചു.
വാഷിങ്ടണ്‍ ഡിസിയിലെ വിജിനിയയില്‍ നടന്ന ഇന്ത്യൻ വംശജരായ അമേരിക്കക്കാർ പങ്കെടുത്ത യോഗത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ ചൊല്ലിയാണ് വിവാദം. ആർഎസ്‌എസ് രാജ്യത്തെ ചില മത സാമുദായിക വിഭാഗങ്ങളെയും വിവിധ ഭാഷകളെയും മറ്റ് ചിലർക്ക് ഭീഷണിയെന്ന നിലയിലാണ് കാണുന്നതെന്നും ഇതിനെതിരെയാണ് രാജ്യത്തെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിഖുകാർക്ക് ടർബൻ ധരിക്കാനാകുമോ ഇല്ലേ എന്നുള്ളതും സിഖുകാരനെന്ന നിലയില്‍ ഗുരുദ്വാര സന്ദർശിക്കാൻ കഴിയുമോയെന്നതും ഇത് മറ്റ് മതവിഭാഗങ്ങളിലെ വിശ്വാസികള്‍ക്കും സാധ്യമാകുമോയെന്നതുമാണ് ഇന്ത്യയിലെ പോരാട്ടത്തിൻ്റെ കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. നാല് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക് പോയത്.