ദില്ലി : മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഈ മാസം 31 ന് ദില്ലിയില്‍ ഇന്ത്യ സഖ്യം റാലി നടത്തും. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് റെയ്‌ഡ്. തെരഞ്ഞെടുപ്പ് കാലത്തെ അറസ്റ്റും റെയ്ഡും നിരീക്ഷിക്കാൻ സമിതി വേണമെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനോ കമ്മീഷന് കീഴിലുള്ള പ്രത്യേക സമിതിയോ നിരീക്ഷിക്കണമെന്നാണ് ആവശ്യം. ഈ സമിതിയുടെ അംഗീകാരമില്ലാതെ അറസ്റ്റോ, റെയ്ഡോ അനുവദിക്കരുതെന്നും ഇന്ത്യ സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യ സഖ്യം സുപ്രീം കോടതിയെയും സമീപിക്കും. അതിനിടെയാണ് എഎപി ദില്ലി നിയമസഭാംഗം ഗുലാബ് സിങ് യാദവിന്റെ വീട്ടില്‍ ഇഡി സംഘം പരിശോധന തുടങ്ങിയത്.
കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ നടക്കും. ദില്ലി ശഹീദി പാർക്കിലെ പരിപാടിയില്‍ എഎപി മന്ത്രിമാരും എംഎല്‍എമാരും കൗണ്‍സിലർമാരും പങ്കെടുക്കും. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിരുന്നു. മാർച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഘെരാവോ മോഡല്‍ സമരമുറയാകും സ്വീകരിക്കുക. കേസില്‍ നേരത്തെ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയുടെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും. കവിതയെ വീണ്ടും ദില്ലി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. ഇഡി വീണ്ടും കവിതയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ജാമ്യം ആവശ്യപ്പെട്ട് കവിത വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയേക്കുമെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസം കവിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.