തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. ഇന്ന് കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ കേരളത്തിന് സമീപത്ത് കൂടി സഞ്ചരിക്കാന്‍ സധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
നിലവില്‍ ശ്രീലങ്കന്‍ തീരത്തുള്ള ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് കന്യാകുമാരി കടന്ന് അറബിക്കടലില്‍ എത്തുമെന്നാണ് നിഗമനം. ഇതിനാല്‍ അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. മധ്യ,തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. ഇന്ന് രാത്രി മുതല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത.