രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരെ രാജ്കോട്ടില്‍ പുരോഗമിക്കുന്ന മൂന്നാം ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്.കുടുംബത്തില്‍ ഒരു അത്യാവശ്യ ആശുപത്രി പ്രശ്നവുമായി ബന്ധപ്പെട്ടാണ് താരം മത്സരത്തിന്റെ രണ്ടാം ദിവസം നാട്ടിലേക്ക് മടങ്ങിയത്. അശ്വിന് നാട്ടിലേക്ക് മടങ്ങുന്ന വിവരം ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എന്താണ് താരത്തിന്റെ കുടുംബത്തില്‍ സംഭവിച്ചതെന്ന് വ്യക്തമല്ല. ടെസ്റ്റ് കരിയറില്‍ തന്റെ 500 വിക്കറ്റ് നേട്ടം ഇന്ന് രാജ്കോട്ടില്‍ അശ്വിന് പൂര്‍ത്തിയാക്കിയിരുന്നു. ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കിയാണ് താരം നേട്ടം കൊയ്തത്. ഫൈന്‍ ലെഗില്‍ രജത് പാട്ടീദാറാണ് ക്രൗളിയുടെ ക്യാച്ചെടുത്തത്. നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ 37 റണ്‍സ് നേടിയ അശ്വിന് ധ്രുവ് ജൂറലിനൊപ്പം ഏഴാം വിക്കറ്റില്‍ 77 റണ്‍സ് കൂട്ടുകെട്ടില്‍ പങ്കാളിയായിരുന്നു. ഇന്ത്യന്‍ സ്കോര്‍ 400 കടത്തുന്നതില്‍ നിര്‍ണായക പങ്കാണ് ഈ കൂട്ടുകെട്ട് വഹിച്ചത്.