ചെന്നൈ: തലയെ അവസാന ഓവറിൽ ഫിനിഷിങിൽ നിന്നും തടഞ്ഞിട്ട് രാജസ്ഥാന് വിജയം.അവസാന ഓവറിൽ ധോണിയെ തടഞ്ഞിട്ടതോടെയാണ് രാജസ്ഥാൻ വിജയം സ്വന്തമാക്കിയത്.
സ്കോർ
രാജസ്ഥാൻ – 175-8
ചെന്നൈ – 172-6
ടോസ് നഷ്ടമായി ബാറ്റിംങിന് ഇറങ്ങിയ രാജസ്ഥാനെ അൽപം പിന്നിലേയ്ക്കടിച്ചത് മധ്യനിരയിലെ മെല്ലെപ്പോക്കാണ്. പത്ത് റണ്ണെടുത്ത് ജയ്സ്വാൾ മടങ്ങിയെങ്കിലും, ബട്ലറും (52), പടിക്കലും(38) ചേർന്ന് സ്കോർ മുന്നോട്ട് കൊണ്ടു പോയി. ഇതിനിടെ പടിക്കലും, നേരിട്ട രണ്ടാം പന്തിൽ പൂജ്യത്തിന് സഞ്ജുവും പുറത്തായി. ഇതിന് പിന്നാലെ അശ്വിനെ കളത്തിലിറങ്ങിയ രാജസ്ഥാന്റെ തന്ത്രം അടിമുടി പിഴച്ചു. ആദ്യം കിട്ടിയ മുൻതൂക്കം കളഞ്ഞു കുളിച്ച രാജസ്ഥാനെ അവസാനം രക്ഷിച്ചത് 30 റണ്ണടിച്ച ഹിറ്റ്മെയറാണ്. ഇതോടെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടമാക്കി 175 ൽ രാജസ്ഥാൻ എത്തി.
കുന്തമുന ബൗളറായ ബോൾട്ടില്ലാതെയാണ് രാജസ്ഥാന് ചെന്നെ ചെപ്പോക്കിൽ ഇറങ്ങേണ്ടി വന്നത്. എന്നിട്ടും സന്ദീപ് ശർമ്മയുടെ ഏറിൽ റിതുരാജിനെ രാജസ്ഥാൻ പുറത്താക്കി. ഒരു വശത്ത് ഉറച്ചു നിന്ന ഡെവോൺ കോൺവേ 38 പന്തിൽ 50 അടിച്ച് നങ്കൂരമിട്ട് കളിച്ചു. എന്നാൽ, രഹാനെയെയും(31), ശിവം ദുബയെയും(8) വീഴ്ത്തിയ അശ്വിൻ രാജസ്ഥാനെ ട്രാക്കിലേയ്ക്ക് എത്തിച്ചു. മോയിൻ അലിയെ (ഏഴ്) നിലയുറപ്പിക്കും മുൻപ് വീഴത്തിയ ആദം സാമ്പ കളിയിൽ പിടിമുറുക്കാൻ രാജസ്ഥാനെ സഹായിച്ചു. പിന്നാലെ, അമ്പാട്ടി റായിഡു, കോൺവേ എന്നിവരെ പുറത്താക്കി ചഹൽ ടീമിനെ മുന്നിലെത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷം എത്തിയ ധോണിയും ജഡേജയും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. 17 പന്തിൽ 32 റണ്ണടിച്ച ധോണിയും, 15 പന്തിൽ 25 റണ്ണടിച്ച ജഡേജയും ചേർന്ന് ചെന്നൈയെ മുന്നോട്ട് നയിച്ചു. അവസാന ഓവറിൽ രണ്ട് സിക്സ് അടിച്ചു ധോണി പ്രതീക്ഷ നൽകിയെങ്കിലും അഞ്ച് റൺ വേണ്ട അവസാന പന്തിൽ ധോണിയ്ക്ക് ഒരു റൺ മാത്രമാണ് എടുക്കാനായത്. ഇതോടെ മൂന്നു റണ്ണിന് വിജയവും, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനവും രാജസ്ഥാൻ സ്വന്തമാക്കി.