അഹമ്മദാബാദ്: തല്ലാൻ പറഞ്ഞാൽ കൊല്ലുന്ന ക്യാപ്റ്റൻ, കൂട്ടിനാകട്ടെ കൂറ്റനടിക്കാരും..! അഹമ്മദാബാദിൽ സ്വന്തം മണ്ണിൽ ചാമ്പ്യന്മാരെ പഞ്ഞിക്കിട്ട് രാജസ്ഥാന്റെ ഉജ്വല വിജയം. ഇതുവരെ ഐപിഎല്ലിൽ ഗുജറാത്തിനെ തോൽപ്പിച്ചിട്ടില്ലെന്ന പേരുദോഷണാണ് സഞ്ജുവും സംഘവും ഇതോടെ മാറ്റിയത്.
സ്കോർ
ഗുജറാത്ത് – 177-7
രാജസ്ഥാൻ – 179-7
ടോസ് നേടിയ രാജസ്ഥാൻ ഗുജറാത്തിലെ ബാറ്റിംങിന് അയക്കുകയായിരുന്നു. പിൻതുടരാനും, ബൗൾ ചെയ്തു ഗുജറാത്തിനെ നിയന്ത്രിക്കാനും തീരുമാനിച്ച് തന്നെയാണ് രാജസ്ഥാൻ ബൗളർമാർ കളത്തിലിറങ്ങിയത്. ഇത് ക്യത്യമായി കളത്തിൽ നടപ്പാക്കാനും രാജസ്ഥാനായി. അഞ്ച് റൺ സ്കോർ ബോർഡിൽ എത്തിയപ്പോഴേയ്ക്കും രാജസ്ഥാൻ, ഗുജറാത്ത് ഓപ്പണർ വൃദ്ധിമാൻ സാഹയെ തിരികെ മടക്കി അയച്ചു. മൂന്നു പന്തിൽ നാല് റൺ മാത്രമെടുത്ത സാഹയെ നേരിട്ടുള്ള ഏറിൽ തിരികെ പിടിച്ചു. സ്കോർ ബോർഡ് പതിയെ ചലിച്ചു തുടങ്ങിയതിനിടെ 32 ൽ നിൽക്കെ സായി സുദർശനെ സന്ദീപ് ശർമ്മ ബട്ലറുടെ കയ്യിൽ എത്തിച്ചു. 19 പന്തിൽ 20 റണ്ണായിരുന്നു സായിയുടെ സമ്പാദ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട്, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ശുഭ്മാൻ ഗില്ലും ചേർന്നായി ഗുജറാത്തിന്റെ പോരാട്ടം. സ്കോർ 91 ൽ നിൽക്കെ ചഹൽ നിർണ്ണായകമായ ഇടപെടൽ നടത്തി. ജയ്സ്വാളിന്റെ കയ്യിൽ പാണ്ഡ്യയെ എത്തിച്ച് ആ കൂട്ടുകെട്ട് ചഹൽ പൊളിച്ചു. 19 പന്തിൽ 28 റണ്ണായിരുന്നു ക്യാപ്റ്റൻ അടിച്ചെടുത്തത്. 121 ൽ ശുഭ്മാൻ ഗിൽ മടങ്ങിയതോടെ ഗുജറാത്തിന്റെ സ്കോറിംങിനും വേഗം കുറഞ്ഞു. 34 പന്തിൽ 45 റണ്ണെടുത്ത ഗിൽ പുറത്താകുമ്പോൾ 15 ഓവറിൽ 121 റണ്ണാണ് ഗുജറാത്തിനുണ്ടായിരുന്നത്. പിന്നീടുള്ള അഞ്ച് ഓവറിൽ 56 റൺ മാത്രമാണ് ഗുജറാത്തിന് നേടാനായത്. 166 ൽ അഭിനവ് മനോഹറും (27), 175 ൽ ഡേവിഡ് മില്ലറും (46), 176 ൽ റാഷിദ് ഖാനും (1) പുറത്തായതോടെ സ്കോർ ഏഴു വിക്കറ്റിന് 177 ൽ എത്തി.
രാജസ്ഥാനു വേണ്ടി സന്ദീപ് ശർമ്മ രണ്ടും, ബോൾട്ട്, ചഹൽ, ആദം സാമ്പ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംങിന് ഇറങ്ങിയ രാജസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ രണ്ട് റണ്ണെത്തിയപ്പോൾ ജയ്സ്വാളും (1), നാലിൽ ബട്ലറും (0) പുറത്ത്. പിന്നീട്, സഞ്ജുവും പടിക്കലും ചേർന്ന് സ്കോർ ബോർഡ് മെല്ലെ മുന്നോട്ട് ചലിപ്പിച്ചു. സ്കോർ 47 ൽ നിൽക്കെ പടിക്കൽ (26) പുറത്തായി. സ്കോർ ഉയർത്താൻ ഉത്തരവാദിത്വവുമായി എത്തിയ പരാഗ് 55 ൽ അഞ്ചു റണ്ണുമായി മടങ്ങി.
പിന്നീട്, ഉത്തരവാദിത്വം ഏറ്റെടുത്ത ക്യാപ്റ്റൻ സഞ്ജു അടി തുടങ്ങി. റാഷിദ് ഖാന്റെ ഒരു ഓവറിൽ മൂന്നു സിക്സറുകളാണ് സഞ്ജു അടിച്ചു പറത്തിയത്. ഇത് അടക്കം ആറു സിക്സും മൂന്നു ഫോറും പറത്തിയ സഞ്ജു 32 പന്തിൽ 60 റണ്ണെടുത്ത് നൂർ അഹമ്മദിന്റെ പന്തിൽ മില്ലറുടെ കിടിലൻ ക്യാച്ചിലൂടെയാണ് പുറത്തായത്. സഞ്ജു പുറത്തായ ശേഷം ഡ്രൈവിംങ് സീറ്റിൽ എത്തിയ ഹിറ്റ്മേർ ആക്രമണം തന്നെയാണ് പുറത്തെടുത്തത്. ഇടയ്ക്ക് ഡ്രുവ് ജൂറലിനെ (17) നഷ്ടമായെങ്കിലും ഹിറ്റ്മേർ ആക്രമണം നിർത്തിയില്ല. അതിവേഗം വന്നെത്തി മൂന്നു ബോളിൽ ഒരു സിക്സ് സഹിതം പത്തു റൺ അടിച്ച് അശ്വിൻ മടങ്ങിയെങ്കിലും, അവസാന ഓവറിൽ ഒരു സിക്സ് അടക്കം എട്ടു റൺ അടിച്ച് ഹിറ്റ്മേർ രാജസ്ഥാനെ വിജയത്തിൽ എത്തിച്ചു.