ഉരുള്‍പൊട്ടല്‍ ഉണ്ടായ കുരുമ്പന്മൂഴി പ്രദേശം റവന്യൂ മന്ത്രി സന്ദര്‍ശിച്ചു; കുരുമ്പന്മൂഴി പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്തു; നടപടികള്‍ സ്വീകരിക്കും: മന്ത്രി അഡ്വ. കെ. രാജന്‍

തിരുവല്ല : കുരുമ്പന്‍മൂഴിയില്‍ ഒരു പാലം ഉണ്ടാകുക എന്നതാണ് നാട്ടുകാരുടെ അടിസ്ഥാന ആവശ്യമെന്നും ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. നിരവധി ഉരുള്‍പൊട്ടല്‍ ഉണ്ടായ കുരുമ്പന്മൂഴി പ്രദേശം സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ കോസ്‌വേയില്‍ വെള്ളം കയറിയ നിലയിലായിരുന്നു.

Advertisements

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും പ്രദേശവാസികളുമായും മന്ത്രി വിശദമായ ചര്‍ച്ച നടത്തി.  ഗൗരവമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
നദിയില്‍ ജലനിരപ്പ് ഉയരുന്നതോടെ ഇരു കരകളും തമ്മില്‍ ബന്ധപ്പെടാന്‍ കഴിയാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോവുകയാണ് ചെയ്യുന്നത്. ചില സമയങ്ങളില്‍ മറുകരയിലേക്ക് ജോലിക്ക് പോയാല്‍ തിരിച്ച് വരാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്ന് കോളനികളെ ബാധിക്കുന്ന വിധത്തിലാണ് ഈ പ്രശ്‌നം നിലനില്‍ക്കുന്നത്. പാലമല്ലാതെ മറ്റൊരു പോംവഴിയില്ല എന്നതാണ് നാട്ടുകാരുമായി ചര്‍ച്ച ചെയ്തപ്പോള്‍ മനസിലായത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിച്ച് എങ്ങനെയാണോ പരിഹരിക്കാന്‍ കഴിയുക എന്ന് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
കെഎസ്ഇബിയുടെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണ്, അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്യും.

ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെ ഉള്ളവരുടെ താമസ സൗകര്യത്തെ കുറിച്ചാണ് പിന്നീട് ചര്‍ച്ച നടന്നത്. വളരെ ഗൗരവമായ വിഷയങ്ങളാണ് ഈ മേഖലയിലുള്ള ആളുകള്‍ ഉന്നയിക്കുന്നത്. ജീവിതത്തില്‍ എല്ലാക്കാലത്തും പ്രയാസം അനുഭവിക്കേണ്ടവരല്ല ഈ പ്രദേശവാസികള്‍. മുന്‍പ് നടത്തപ്പെട്ട സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പട്ടയം നല്‍കുന്നത് നിയമപരമായി പരിശോധിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആളുകളുടെ പൊതുസംരക്ഷണം എന്ന വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശം ഒറ്റപ്പെടുന്ന സാഹചര്യത്തില്‍ എല്ലാവരും ഒരുമിച്ച് നിന്നാണ് പ്രവര്‍ത്തിക്കുന്നത്.

 ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സജ്ജമായി ഏത് പ്രതിസന്ധിയെയും ശക്തമായി നേരിടാനുള്ള തയാറെടുപ്പുകളാണ് നടത്തുന്നത്. ദുരന്തമെന്ന നിലയ്ക്ക് അവര്‍ അടിയന്തരമായി ഇടപെടുന്നുണ്ട്. മൂന്ന് സ്ഥായിയായ മാറ്റം വരേണ്ട പ്രശ്‌നങ്ങളാണ് ഉന്നയിച്ചതെന്നും അവ മൂന്നും ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി, വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജെയിംസ്, വാര്‍ഡ് മെമ്പര്‍ മിനി ഡൊമിനിക്, റാന്നി തഹസില്‍ദാര്‍ നവീന്‍ ബാബു, ടി.ഒ. റാന്നി പി. അജി, വില്ലേജ് ഓഫീസര്‍ സാജന്‍ ജോസഫ്, എസ്ടി പ്രൊമോട്ടര്‍ അമ്പിളി ശിവന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles