ചെന്നൈ : ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരുന്ന ആ വാർത്തയ്ക്ക് സ്ഥിരീകരണമായിരിക്കുന്നു. തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ രജനീകാന്തും ഉലകനായകനും വീണ്ടും ഒന്നിക്കുന്നു.അതും 46 വർഷങ്ങള്‍ക്ക് ശേഷം. സൈമ പുരസ്കാരച്ചടങ്ങില്‍ സംസാരിക്കവേ കമല്‍ഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കമലിന്റെ പ്രഖ്യാപനത്തെ ആർപ്പുവിളികളോടെയാണ് സദസ് സ്വീകരിച്ചത്.
തമിഴ്നടനായ സതീഷായിരുന്നു ചടങ്ങിന്റെ അവതാരകൻ. രജനീകാന്തുമായി ചേർന്ന് ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുന്നുവെന്ന് അഭ്യൂഹമുണ്ടല്ലോ എന്ന് സതീഷ് ചോദിച്ചപ്പോഴാണ് കമല്‍ഹാസൻ ആരാധകർക്ക് മുന്നിലേക്ക് സർപ്രൈസ് പ്രഖ്യാപനം നടത്തിയത്. തങ്ങള്‍ ഒരുമിച്ചെത്തുന്നു എന്നായിരുന്നു സതീഷിന്റെ ചോദ്യത്തിനുള്ള കമലിന്റെ മറുപടി. രജനിയും താനും ഒരുമിച്ചൊരു സിനിമ ചെയ്യുക എന്നത് കുറേ കാലമായുള്ള ആലോചനയാണ്. ഇതൊരു ‘വൻ സംഭവം’ എന്നൊന്നും പറയാറായിട്ടില്ല. വൻ സംഭവമാണോ എന്ന് പടം കണ്ടിട്ടാണ് പറയേണ്ടത്. അതുകൊണ്ട് പടം ചെയ്തുകാട്ടും. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാല്‍ തങ്ങളും സന്തോഷവാന്മാരാകുമെന്ന് കമല്‍ഹാസൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഒരുപാട് ഇഷ്ടത്തോടെ വേർപിരിഞ്ഞ് ഇരുന്നവരാണ് ഞങ്ങള്‍ രണ്ടുപേരും. ഒരു ബിസ്കറ്റ് രണ്ടാക്കി പങ്കുവെച്ച് കഴിച്ചിരുന്നവരാണ്. ഓരോരുത്തർക്കും വെവ്വേറെ ബിസ്കറ്റ് വേണമെന്നായപ്പോള്‍ അങ്ങനെ വാങ്ങിക്കഴിച്ചു. ഇപ്പോള്‍ വീണ്ടും ഒരു ബിസ്കറ്റ് പകുത്ത് കഴിക്കാൻപോകുന്നു എന്ന സന്തോഷമുണ്ട്. ഞങ്ങള്‍ വീണ്ടും ഒരുമിക്കാൻപോകുന്നു.” രജനിക്കൊപ്പം പുതിയ സിനിമ ചെയ്യുന്നതിനെക്കുറിച്ച് കമല്‍ പ്രതീകാത്മകമായി പറഞ്ഞത് ഇങ്ങനെയായിരുന്നു.
“ഞങ്ങള്‍ക്കുള്ളിലെ മത്സരമെന്നത് പ്രേക്ഷകരുണ്ടാക്കിയതാണ്. ഞങ്ങള്‍ക്കത് മത്സരമേയല്ല. ഞങ്ങള്‍ ഒരുമിക്കുന്നു എന്നത് ബിസിനസ് തലത്തില്‍ ആശ്ചര്യമുണ്ടാക്കുന്ന കാര്യമാണ്. ഞങ്ങള്‍ക്കത് ഇപ്പോഴെങ്കിലും ഇങ്ങനെ നടക്കുന്നുണ്ടല്ലോ എന്ന രീതിയിലാണ്. അങ്ങനെ നടക്കട്ടെ. പരസ്പരം ഒരാള്‍ മറ്റൊരാളുടെ ചിത്രം നിർമിക്കണം എന്നത് എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍വേണ്ട എന്നുപറഞ്ഞ് ഞങ്ങള്‍തന്നെ അക്കാര്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഞാൻ പുതിയ ഓഫീസ് നിർമിച്ചപ്പോള്‍ എപ്പോള്‍ സിനിമ ചെയ്യും എന്ന് ചോദിച്ചയാളാണ് രജനി. ഞങ്ങളില്‍ പ്രതീക്ഷവെച്ചതിന് നന്ദി. ഞങ്ങളാണ് ഇനി ആ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കേണ്ടത്.” കമല്‍ഹാസൻ കൂട്ടിച്ചേർത്തു.
അതേസമയം ആരായിരിക്കും ചിത്രം നിർമിക്കുകയെന്നോ, സംവിധാനംചെയ്യുകയെന്നോ അറിവായിട്ടില്ല. നേരത്തേ രജനിയേയും കമലിനേയും ഒരുമിപ്പിച്ച് ഒരു ഗ്യാങ്സ്റ്റർ ചിത്രം ചെയ്യാൻ താത്പര്യമുണ്ടെന്ന് ലോകേഷ് കനകരാജ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ ചിത്രമാണോ ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും സംശയം പ്രകടിപ്പിക്കുന്നത്.