ന്യൂഡൽഹി : മൂന്ന് സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് പാർട്ടികള്‍ക്ക് നിർണായകം. ഉത്തർപ്രദേശ്, കർണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എംഎല്‍എമാർ മറുകണ്ടം ചാടുമെന്ന ഭീഷണിയാണ് പാർട്ടികള്‍ നേരിടുന്നത്. വിവിധ സംസ്ഥാനങ്ങളിലായി ഒഴിവ് വന്ന 56 രാജ്യസഭാ സീറ്റുകളില്‍ 41 സീറ്റുകളിലും സോണിയ ഗാന്ധിയുള്‍പ്പടെയുള്ള നേതാക്കള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മൂന്ന് സംസ്ഥാനങ്ങളിലും സ്വന്തം എംഎല്‍എമാരുടെ എണ്ണം പരിഗണിക്കാതെ അധികമായി ഓരോ സ്ഥാനാർഥികളെ ബിജെപി നിർത്തിയത് കോണ്‍ഗ്രസിനേയും എസ്പിയേയും വെട്ടിലാക്കിയിരിക്കുകയാണ്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തർപ്രദേശില്‍ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിളിച്ച യോഗത്തില്‍ എട്ട് പാർട്ടി എംഎല്‍എമാർ പങ്കെടുത്തില്ല. കർണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കഴിഞ്ഞ ദിവസം തന്നെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്.