താന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ഒ ബേബിയെക്കുറിച്ച് സത്യന് അന്തിക്കാട് കുറിച്ച അഭിനന്ദന പോസ്റ്റിലെ പരാമര്‍ശത്തിന് വിമര്‍ശനവുമായി രഞ്ജന്‍ പ്രമോദ്. തന്റെ പോസ്റ്റില്‍ കെ ജി ജോര്‍ജ് ചിത്രം ഇരകളെക്കുറിച്ച് സത്യന് അന്തിക്കാട് പറഞ്ഞിരുന്നു. ഇതിനെയാണ് രഞ്ജന്‍ പ്രമോദ് എതിര്‍ക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിന് പിന്നാലെ ജിഞ്ചര്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം. സത്യന് അന്തിക്കാടിന്റെ അഭിനന്ദന പോസ്റ്റിലെ ഇരകള്‍ പരാമര്‍ശത്തെക്കുറിച്ച് സൂചിപ്പിച്ച് അത്തരത്തില്‍ സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം.
ഇതിന് രഞ്ജന്‍ പ്രമോദിന്റെ പ്രതികരണം ഇങ്ങനെ- “കെ ജി ജോര്‍ജ്, അടൂര്‍ ഗോപാലകൃഷ്ണന്, പത്മരാജന്, ഐ വി ശശി, ജോണ്‍ എബ്രഹാം തുടങ്ങിയ സംവിധായകരുടെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇതൊരു മോശം പ്രവണതയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു കാര്യവുമില്ലാതെ ഇരകള്‍ എന്ന സിനിമയുമായി ഒ ബേബിയെയോ ജോജിയെയോ ഒക്കെ താരതമ്യപ്പെടുത്തുന്നത് ഒരു നല്ല മനോഭാവമായി തോന്നുന്നില്ല എനിക്ക്. അത് സത്യേട്ടന് പറഞ്ഞാലും ആര് പറഞ്ഞാലും ശരി അതൊരു സിനിമയെ തകര്‍ക്കലാണ് സത്യത്തില്‍. കാരണം ഉള്ളടക്കത്തിലോ ട്രീറ്റ്മെന്റിലോ പശ്ചാത്തലത്തിലോ ഒന്നും ഒരു ബന്ധവും ഓ ബേബിക്ക് ഇരകളുമായിട്ട് ഇല്ല”, രഞ്ജന്‍ പ്രമോദ് പറയുന്നു. “ഇരകള്‍ എന്ന സിനിമ ഒരു എസ്റ്റേറ്റിലാണ് നടന്നിരിക്കുന്നത് എന്ന് മാത്രമേ ഉള്ളൂ. അതും ഒരു ഏലക്കാട് ഒന്നും അല്ല. ഒരു റബ്ബര്‍ തോട്ടമാണ്. ആ റബ്ബര്‍ തോട്ടം അതിന് ചുറ്റിലും ഉണ്ടെങ്കിലും ആ വീടിനകത്ത് നടക്കുന്ന കഥയാണ് അത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു തരത്തിലും ഓ ബേബിയെ ജോര്‍ജ് സാറിന്റെ ആ സിനിമയുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല. അന്നത്തെ സൗകര്യങ്ങളോ ടെക്നോളജിയോ ഒന്നുമല്ല ഇന്നുള്ളത്. ജോര്‍ജ് സാറിന് ലഭ്യമായിരുന്ന ഒരു ടെക്നോളജി വച്ചിട്ട് ഓ ബേബി പോലെ ഒരു സിനിമ ഷൂട്ട് ചെയ്യാന്‍ പോലും പറ്റില്ല. ഞാന്‍ ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് അവിടേക്ക് ജനറേറ്ററോ ഔട്ട്ഡോര്‍ യൂണിറ്റോ ഒന്നും പോവില്ല. പണ്ടത്തെ ലൈറ്റും ക്യാമറയും ഫിലിമും ഒക്കെ ആയിരുന്നെങ്കില്‍ നമുക്കിത് പ്രായോഗികമായി സാധ്യമല്ല. ഡിജിറ്റല്‍ ടെക്നോളജി ഉണ്ടാവുന്നതുകൊണ്ടും ബാറ്ററിയിൽ പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ വന്നതുകൊണ്ടുമാണ് ആ തരത്തിലുള്ള ലൊക്കേഷനുകളില്‍ ചിത്രീകരിക്കാന്‍ പറ്റുന്നത്”, രഞ്ജന്‍ പ്രമോദിന്റെ വാക്കുകള്‍.