പെരിന്തല്‍മണ്ണ: 13കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകന് 61 വർഷവും മൂന്നുമാസവും കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ.താഴേക്കോട് കാപ്പുപറമ്ബ് കോടമ്ബി വീട്ടില്‍ മുഹമ്മദ് ആഷിഖിനെയാണ് (40)പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ രണ്ടുവകുപ്പുകള്‍ പ്രകാരം 55 വർഷവും മൂന്നുമാസവും കഠിനതടവും ഒരുലക്ഷം രൂപ പിഴയുമുണ്ട്. കൂടാതെ പോക്‌സോ നിയമത്തിലെ വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരുവർഷവും മൂന്നുമാസവും അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ അതിജീവിതയ്ക്ക് ഒരുലക്ഷം രൂപ നല്‍കാനും ഉത്തരവായി. ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിയോടും നിർദ്ദേശിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രല്‍ ജയിലിലേക്ക് അയച്ചു. 2022ലാണ് പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്.