മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിൽ തകർച്ചയിൽ നിന്നും പൊരുതിയ നേടിയ സമനിലയുമായി തല ഉയർത്തി ടീം ഇന്ത്യ. റണ്ണെടുക്കും മുൻപ് രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ക്യാപ്റ്റൻ ഗില്ലും (103) ജഡേജയും (107) വാഷിംങ്ടൺ സുന്ദറും (100) നേടിയ സെഞ്ച്വറികളും രാഹുൽ പൊരുതി നേടിയ (90) റണ്ണുമാണ് സമനിലയിലേയ്ക്ക് എത്തിച്ചത്.
നാലാം ദിനം റണ്ണെടുക്കും മുൻപ് ജയ്‌സ്വാളിനെയും, സായ് സുദർശനെയും നഷ്ടമായ ടീം ഇന്ത്യ വീണ പ്രതിസന്ധിയുടെ ആഴം ചില്ലറയായിരുന്നില്ല. അവിടെ നിന്നും പൊരാട്ടം തുടങ്ങിയ രാഹുലും (90), ശുഭ്മാൻ ഗില്ലും (103) ചേർന്ന് ഇന്ത്യയെ ആവേശത്തോടെ മുന്നോട്ട് നയിക്കുകയായിരുന്നു. നാലാം ദിനം പൊരുതി നിന്ന ഇന്ത്യയ്ക്ക് പക്ഷേ, അഞ്ചാം ദിനം ആദ്യം തന്നെ തിരിച്ചടി നേരിട്ടു. ഇന്ത്യൻ സ്‌കോർ 188 ൽ നിൽക്കെ കെ.എൽ രാഹുൽ സെഞ്ച്വറി തികയ്ക്കാതെ പുറത്തായി. തൊട്ടു പിന്നാലെ സ്‌കോർ 222 ൽ നിൽക്കെ ഗില്ലും വീണതോടെ ഇന്ത്യയെ അതിവേഗം വീഴ്ത്താമെന്നായി ഇംഗ്ലീഷ് ധാരണ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, 222 ൽ ഒത്തു ചേർന്ന ജഡേജയും സുന്ദറും അപരാജിതമായി അഞ്ചാം വിക്കറ്റിൽ 200 റണ്ണിന് മുകളിൽ കൂട്ടിച്ചേർത്തു. ഒരു വേള കയ്യിൽ നിന്നും നഷ്ടമാകുമെന്നു കരുതിയ കളിയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതി കൈവശത്താക്കിയത്. സുന്ദറും സെഞ്ച്വറി നേടിയതിനു പിന്നാലെ ഇന്ത്യയും – ഇംഗ്ലണ്ടും മത്സരം സമനിലയിലാക്കാൻ സമ്മതിക്കുകയായിരുന്നു. 185 പന്ത് ബാറ്റ് ചെയ്താണ് ജഡേജ 107 റണ്ണെടുത്തത്. 206 പന്തിൽ നിന്നാണ് വാഷിംങ്ടൺ സുന്ദറിന്റെ 100. സ്‌കോർ ഇന്ത്യ 358, 425/4 . ഇംഗ്ലണ്ട്: 669. ഇതോടെ ഇംഗ്ലണ്ട് പര്യടനത്തിലെ അടുത്ത മത്സരം വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കാം.