ബംഗളൂരു : ഇപ്പോള്‍ നടന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ ഇന്ത്യൻ ബോളറായ മുഹമ്മദ് സിറാജിനെ തിരഞ്ഞെടുക്കുന്നതില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പരാജയപ്പെട്ടിരുന്നു.അടുത്ത ഐപിഎലില്‍ ചുവന്ന കുപ്പായത്തില്‍ സിറാജ് ടീമിനോടൊപ്പം ഉണ്ടാവില്ല. 12.25 കോടി രൂപയ്ക്ക് ഇത്തവണ ഗുജറാത്ത് ടൈറ്റൻസ് ആണ് താരത്തിനെ സ്വന്തമാക്കിയത്.ഏഴു വർഷം മുൻപാണ് സിറാജിനെ ആർസിബി തിരഞ്ഞെടുക്കുന്നത്. ഇന്ത്യൻ ടീമിലേക്ക് വിളി എത്തിയത് ആർസിബിയിലെ തകർപ്പൻ പ്രകടനം കണ്ടിട്ടാണ്. അത് കൊണ്ട് തന്നെ താരം ആർസിബിയായിട്ടുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ചു.മുഹമ്മദ് സിറാജ് പറയുന്നത് ഇങ്ങനെ:’ആർസിബിയോടപ്പമുള്ള ഏഴ് വർഷങ്ങള്‍ എന്റെ ഹൃദയത്തോട് അത്രയും ചേർന്നുള്ളതാണ്, ചുവന്ന ജഴ്സിയില്‍ ബൗള്‍ ചെയ്യാനായി ഞാൻ പന്തെടുക്കുമ്ബോള് ഒരു അവിസ്മരണീയ യാത്രയുടെ തുടക്കമാണെന്ന് ഞാൻ കരുതിയിരുന്നില്ല,
ഉയർച്ച താഴ്ചകള്‍ക്കിടയില്‍ ഒരു കുടുംബത്തെ പോലെ കൂടെ നിന്ന എല്ലാ ആർസിബി അംഗങ്ങള്‍ക്കും നന്ദി’മുഹമ്മദ് സിറാജ് കൂട്ടി ചേർത്തു:’പല സമയത്തും അവസരത്തിനൊത്ത് പ്രകടനം നടത്താതെ വന്നിട്ടുണ്ട്, സ്വയം നിരാശനായിട്ടുണ്ട്, അപ്പൊയെല്ലാം കൂടെ നിന്ന ആരാധകരായിരുന്നു ഏറ്റവും വലിയ ശക്തി, ആർസിബി ആരാധകരേക്കാള്‍ മികച്ച ആരാധകർ ഇല്ലെന്നാണ് ഞാൻ കരുതുന്നത്’ മുഹമ്മദ് സിറാജ് പറഞ്ഞു.ഈ വീഡിയോയ്ക്ക് ആശംസയുമായി ആർസിബി മാനേജ്മെന്റ് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റും കുറിപ്പും ഇട്ടിട്ടുണ്ട്.’ നിങ്ങളുടെ സേവനത്തിന് നന്ദി ഡിഎസ്പി സിറാജ്. നീ ഞങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും ഒരു സ്റ്റാർ തന്നെയായിരുന്നു. ഞങ്ങള്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഉടനെ തന്നെ നമുക്ക് മറുവശത്ത് കാണാം’ ആർസിബിയുടെ കുറിപ്പ് ഇങ്ങനെ.