ലഖ്നൗ: അവസാന നിമിഷം കളിയിലേയ്ക്കു തിരിച്ചെത്താൻ പ്രതീക്ഷയുമായി പരിക്കു വകവയ്ക്കാതെ ഇറങ്ങിയ കെ.എൽ രാഹുലിന്റെ ലഖ്നൗവിന് തോൽവി. ചെറിയ സ്കോർ എറിഞ്ഞു പ്രതിരോധിച്ച ബംഗളൂരുവിന്റെ ബൗളർമാർ തെളിയിച്ചത് മികവ്. 20 ഓവറിന് ഒരു പന്തു മാത്രം കുറച്ചെറിഞ്ഞ ബംഗളൂരു ബൗളർമാർ ലഖ്നൗവിന്റെ എല്ലാ ബാറ്റർമാരെയും പുറത്താക്കി. ഇതോടെ ലഖ്നൗവിനെതിരെ ബംഗളൂരുവിന് 18 റണ്ണിന്റെ വിജയം.
സ്കോർ
ബംഗളൂരു – 126/9
ലഖ്നൗ – 108
ടോസ് നേടിയ ബംഗളൂരു ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംങ് തീർത്തും ദുഷ്കരമായ പിച്ചിൽ കരുതലോടെയായിരുന്നു ആർസിബി ഓപ്പണർമാരുടെ തുടക്കം. പവർപ്ലേ ഓവറുകളിൽ പോലും ഇരുവരും മെല്ലെപ്പോക്ക് തുടർന്നു. ഒടുവിൽ സ്കോർ ഉയർത്താൻ ഇറങ്ങിയടിയ്ക്കാൻ ശ്രമിച്ച കോഹ്ലിയെ നിക്കോളാസ് പൂരാൻ സ്റ്റമ്പ് ചെയ്തു പുറത്താക്കി. രവി ബിഷ്ണോയ്ക്കായിരുന്നു വിക്കറ്റ്. 30 പന്തിൽ 31 റണ്ണെടുത്ത് കോഹ്ലി പുറത്തായപ്പോൾ ടീം സ്കോർ 62 ൽ എത്തിയിരുന്നു. കോഹ്ലി പുറത്തായതോടെ ടീമിന്റെ പോക്ക് കൂടുതൽ പ്രതിരോധത്തിലായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഹ്ലിയ്ക്കു പിന്നാലെ എത്തിയ അൻജു റാവത്ത് (9), ഗ്ലെൻ മാക്സ് വെൽ (4), പ്രഭുദേശായി (6), മഹിപാൽ ലാമോർ (3), ഹസരങ്ക (8), കരൺ ശർമ്മ (2), എന്നിവർക്ക് രണ്ടക്കം പോലും കടക്കാനായില്ല. 40 പന്തിൽ 44 റണ്ണെടുത്ത ഡുപ്ലിസിയും , 11 പന്തിൽ 16 റണ്ണെടുത്ത ദിനേശ് കാർത്തിക്കും മാത്രമാണ് കോഹ്ലിയെ കൂടാതെ ബംഗളൂരു നിരയിൽ രണ്ടക്കം കണ്ടത്. ഡുപ്ലിസിയെ അമിത് മിശ്ര പുറത്താക്കിയപ്പോൾ, കാർത്തിക്ക് റണ്ണൗട്ടായി. ഇരുവരും മാത്രമാണ് ബംഗളൂരു നിരയിൽ ഓരോ സിക്സ് വീതം അടിച്ചത്. മൂന്നു ഫോറടിച്ച കോഹ്ലിയെ കൂടാതെ ഹസരങ്കയും, ഡുപ്ലിസിയും, കാർത്തിക്കും മാത്രമാണ് ഓരോ ഫോറടിച്ചത്.
ഹസരങ്ക എട്ടു റണ്ണുമായും, ഹേസൽ വുഡ് ഒരു റണ്ണുമായും പുറത്താകാതെ നിന്നു. ലഖ്നൗവിന് വേണ്ടി നവിൻ ഉൾ ഹഖ് മൂന്നും, രവി ബിഷ്ണോയിയും അമിത് മിശ്രയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. കൃഷ്ണപ്പ ഗൗതമിനായിരുന്നു ഒരു വിക്കറ്റ്. ഫീൽഡിംങിനിടെ കാലിനു പരിക്കേറ്റ കെ.എൽ രാഹുലില്ലാതെയാണ് ലഖ്നൗ ബാറ്റിംങിന് ഇറങ്ങിയത്. ചെറിയ സ്കോർ പ്രതിരോധിക്കാനിറങ്ങിയ ലഖ്നൗവിന് ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ തിരിച്ചടി കിട്ടി. റണ്ണെടുക്കും മുൻപ് മയേഴ്സിനെ സിറാജ് വീഴ്ത്തി. പിന്നീട് , ക്രുണാൽ പാണ്ഡ്യ (14), അയുഷ് ബദോനി (4), ദീപക് ഹൂഡ (1), നിക്കോളാസ് പൂരാൻ (9) എന്നിവർ തുടരെ തുടരെ പുറത്തായതോടെ ലഖ്നൗ 38 ന് അഞ്ച് എന്ന നിലയിൽ തകർന്നു.
പിന്നീട് സ്റ്റോണിസും (13), കൃഷ്ണപ്പ ഗൗതവും (23) ചേർന്ന് നടത്തിയ പ്രതിരോധം ഒരു വിധത്തിൽ ടീമിനെ കരയറ്റുന്നതിനിടെ രണ്ടു പേരും മൂന്നു പന്തുകളുടെ വ്യത്യാസത്തിൽ പുറത്ത്. വീണ്ടും ലഖ്നൗ 66 ന് ഏഴ് എന്ന നിലയിൽ പതറി. 77 ന് രവി ബിഷ്ണോയിയും (5) പുറത്തായതോടെ എട്ടു വിക്കറ്റുമായി ലഖ്നൗ തകർന്നു. ഈ സമയം പരിക്കേറ്റ കാലുമായി ഡഗൗട്ടിൽ രാഹുൽ പ്രാക്ടീസ് നടത്തിയത് കാണികൾക്ക് ആവേശമായി. ഈ ആവേശം ഏറ്റെടുത്ത് നവീൻ ഉൾ ഹഖും, അമിത് മിശ്രയും ചേർന്ന് ടീമിനെ മുന്നോട്ടു നയിച്ചു. സ്കോർ 103 ൽ നിൽക്കെ 13 പന്തിൽ 13 റണ്ണടിച്ച നവീൻ വീണു. പരിക്കേറ്റ കാലുമായി ഗ്രൗണ്ടിലിറങ്ങിയ രാഹുൽ മൂന്നു പന്ത് ബാറ്റ് ചെയ്തെങ്കിലും റണ്ണെടുക്കാനായില്ല. അവസാന ഓവറിലെ അഞ്ചാം പന്തിൽ ഉയർത്തിയടിച്ച് ക്യാച്ച് ദിനേശ് കാർത്തിക്കിന് നൽകിയ അമിത് മിശ്ര വീണതോടെ ലഖ്നൗവിന് തോൽവി.