ബംഗളൂരു: രാജകീയമായി രാജസ്ഥാനെ തകർത്ത് ബംഗളൂരുവിന് വിജയം. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഏഴു റണ്ണിനാണ് രാജസ്ഥാനെ ബംഗളൂരു തകർത്തത്.
സ്കോർ
ബംഗ്ളൂർ – 189-9
രാജസ്ഥാൻ -182-6
ടോസ് നഷ്ടമായി ബാറ്റിംങിന് ഇറങ്ങിയ ബംഗ്ളൂരുവിന് ആദ്യം തന്നെ വിരാട് കോഹ്ലിയെ നഷ്ടമായി. ആദ്യ പന്തിൽ തന്നെ ബോൾട്ടിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയ കോഹ്ലി പൂജ്യത്തിനാണ് പുറത്തായത്. സ്കോർ 12 ൽ നിൽക്കെ രണ്ട് റണ്ണുമായി ഷഹബാസ് അഹമ്മദും പുറത്ത്. പിന്നാലെ ഫാഫ് ഡുപ്ലിസും (39 പന്തിൽ 62), ഗ്ലെൻ മാക്സ്വെല്ലും (44 പന്തിൽ 77) ചേർന്ന് മികച്ച കളിയാണ് പുറത്തെടുത്തത്. രണ്ടു പേരും ചേർന്ന് 127 റണ്ണാണ് മൂന്നാം വിക്കറ്റിൽ അടിച്ചു കൂട്ടിയത്. ഡുപ്ലിസ് രണ്ടു സിക്സും എട്ടു ഫോറും പറത്തിയപ്പോൾ മാക്സ് വെൽ ആയിരുന്നു കൂടുതൽ അപകടകാരി, നാലു സിക്സും ആറു ഫോറുമാണ് മാക്സി പറത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
139 ന് മൂന്ന് എന്ന നിലയിൽ നിന്ന ബംഗളൂരു പിന്നീടുള്ള 45 റൺസ് എടുക്കുന്നതിനിടെ ആറു വിക്കറ്റുകളാണ് നഷ്ടമാക്കിയത്. 156 ൽ മാക്സ് വെൽ പോയതിനു പിന്നാലെ മഹാപാൽ ലാമോർ (8), സുയേഷ് പ്രഭുദേശായി (0), ഹസരങ്ക (6), ദിനേശ് കാർത്തിക് (16), വിജയകുമാർ വിശാഖ് (0) എന്നിവർ പിന്നാലെ വീണതോടെ ഇരുനൂറ് കടക്കേണ്ട ബംഗളൂർ സ്കോർ 189 ൽ ഒതുങ്ങി.
മറുപടി ബാറ്റിങിന് ഇറങ്ങിയ രാജസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഫോമിലുള്ള ബട്ലറെ ക്ലീൻ ബൗൾ ചെയ്ത് സിറാജാണ് രാജസ്ഥാന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ജയ്സ്വാളും പടിക്കലും ചേർന്ന് സ്കോർ 99 ൽ എത്തിച്ചു. 11 ഓവറിൽ 99 ൽ നിൽക്കെ പടിക്കൽ പുറത്ത്. 34 പന്തിൽ 52 റണ്ണായിരുന്നു പടിക്കലിന്റെ സംഭാവന. പടിക്കൽ പോയതിനു പിന്നാലെ ഒൻപത് റൺ കൂടി ചേർത്ത് ജയ്സ്വാളും പുറത്ത്. 37 പന്തിൽ 47 റണ്ണടിച്ച് നിർണ്ണായകമായ ഇന്നിംങ്സ് പൂർത്തിയാക്കിയാണ് ജയ്സ്വാൾ പുറത്തായത്.
പിന്നാലെ മികച്ച തുടക്കം ലഭിച്ചിട്ടും ഇത് മുതലാക്കാനാവാതെ സഞ്ജു സാംസണും മടങ്ങി. 15 പന്തിൽ ഒരു സിക്സും രണ്ട് ഫോറും സഹിതമാണ് സഞ്ജു 22 റണ്ണടിച്ചത്. അപ്രതീക്ഷിതമായി ഹിറ്റ്മേർ റണ്ണൗട്ടായതോടെ രാജസ്ഥാന്റെ പ്രതീക്ഷകൾ തുലാസിലായി. പിന്നാലെ, ധ്രുവ് ജുറൽ 16 പന്തിൽ 34 റണ്ണുമായി അടിച്ചു തകർത്തു നിന്നെങ്കിലും മറുവശത്ത് അശ്വിൻ കൂടി വീണതോടെ രാജസ്ഥാന്റെ തോൽവി പൂർത്തിയായി.