സ്പോർട്സ് ഡെസ്ക്ക് : ആന്ധ്രയ്ക്കെതിരെ അവസാന രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയ കേരളത്തിന് ജയപ്രതീക്ഷ.ആന്ധ്രയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 272 റൺസിന് മറുപടിയായി മൂന്നാം ദിനം കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 514 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർചെയ്തു. 242 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സിൽ 19 റൺസെടുക്കുന്നതിനിടെ ആന്ധ്രയുടെ ഓപ്പണർ രേവന്ദ് റെഡ്ഡിയെ മടക്കി ജയപ്രതീക്ഷയിലാണ്.അവസാന ദിനം 9 വിക്കറ്റ് ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ആന്ധ്രയ്ക്ക് ഇനിയും 223 റൺസ് കൂടി വേണം. മഹീപ് കുമാറും (8) അശ്വിന് ഹെബ്ബാറുമാണ് (2) ക്രീസിൽ എൻ.പി. ബേസിലാണ് രേവന്ദ് റെഡ്ഡിയെ പുറത്താക്കി കേരളത്തിന് നിർണായക മുൻതൂക്കം സമ്മാനിച്ചത്. 258/3 എന്ന നിലയിൽ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിനായി സച്ചിന് ബേബിയാണ് (113) ആദ്യം സെഞ്ചുറി നേടിയത്.
മനീഷ് ഗോൽമാരുവിന്റെ പന്തിൽ സച്ചിനെ കെ നിതീഷ് കുമാർ ക്യാച്ചെടുത്ത് പുറത്താക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സച്ചിന് പുറത്തായ ശേഷം അക്ഷയ് ചന്ദ്രനും (184) സൽമാൻ നിസാറും( 58) ചേര്ന്നാണ് കേരളത്തെ സുരക്ഷിത സ്കോറിലേക്ക് നയിച്ചത്. 386 പന്തില് 20 ബൗണ്ടറികൾ പറത്തിയാണ് അക്ഷയ് ചന്ദ്രന് 184 റൺസടിച്ചത്. ഇരുവരും പുറത്തായ ശേഷം മുഹമ്മദ് അസ്ഹറുദ്ദീന് 41 പന്തില് 40 റൺസെടുത്ത് കേരളത്തിന്റെ സ്കോറുയർത്തി. രണ്ട് റൺസുമായി അഖിസ് സ്കറിയ പുറത്താകാതെ നിന്നു. ആന്ധ്രയ്ക്ക് വേണ്ടി മനീഷ് ഗോലമാരു 4 വിക്കറ്റെടുത്തു.
നോക്കൗട്ട് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ച കേരളം കഴിഞ്ഞ മത്സരത്തിൽ ബംഗാളിനെ തകർത്ത് സീസണിലെ ആദ്യ ജയം നേടിയിരുന്നു. അതേസമയം, സെഞ്ചുറി പ്രകടനത്തോടെ കേരള ടീമിന്റെ ക്യാപ്ടൻ സച്ചിൻ ബേബി രഞ്ജി സീസണിലെ റണ്വേട്ടയില് രണ്ടാം സ്ഥാനത്തേക്കുയർന്നു. ഏഴ് മത്സരങ്ങളിൽ 4 സെഞ്ചുറിയും 4 ഫിഫ്റ്റിയും അടക്കം 822 റൺസാണ് ഈ സീസണിൽ സച്ചിൻ അടിച്ചെടുത്തത്. 860 റൺസടിച്ച റിക്കി ഭൂയി മാത്രമാണ് റൺ വേട്ടയിൽ സച്ചിന് മുന്നിലുള്ള ഏക താരം.