ന്യൂസ് ഡെസ്ക് : രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ കേരളത്തിനെതിരെ ഫോളോ ഓണ്‍ വഴങ്ങി അസം. ആദ്യ ഇന്നിംഗ്‌സില്‍ അസമിനെ 248 റണ്‍സിന് എറിഞ്ഞിട്ട കേരളത്തിന് 171 റണ്‍സിന്റെ ലീഡാണ് ഉള്ളത്.ഇന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച അസം 17 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കെ ഓള്‍ ഔട്ടായി. കേരളത്തിനായി ബേസില്‍ തമ്ബി അഞ്ചും ജലജ് സക്‌സേന നാലും വിക്കറ്റ് വീഴ്ത്തി. 116 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ ഇന്നിംഗ്‌സാണ് അസമിനെ കനത്ത തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ അസം വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സ് എന്ന നിലയിലാണ്. അവസാന ദിവസമായ ഇന്ന് മറ്റ് അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കളി സമനിലയിലേക്കാണ് നീങ്ങുന്നത്. എങ്കിലും ആദ്യ ഇന്നിംഗ്‌സ് ലീഡ് നേടിയതിനാല്‍ കേരളത്തിന് മൂന്ന് പോയിന്റ് ലഭിക്കും.ഒന്നാം ഇന്നിംഗ്‌സില്‍ കേരളം 419 റണ്‍സാണ് നേടിയത്. 131 റണ്‍സ് നേടി സച്ചിന്‍ ബേബി ടോപ്പ് സ്‌കോറര്‍ ആയപ്പോള്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (83), കൃഷ്ണ പ്രസാദ് (80), രോഹന്‍ പ്രേം (50) എന്നിവര്‍ ഫിഫ്റ്റിയടിച്ചു. മറുപടി ബാറ്റിംഗില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സ് എന്ന നിലയില്‍ നിന്നാണ് പരഗിന്റെ ഒറ്റയാള്‍ പോരാട്ടം അസമിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. പരാഗ് കഴിഞ്ഞാല്‍ അടുത്ത ടോപ്പ് സ്‌കോറര്‍ ഓപ്പണര്‍ റിഷവ് ദാസ് (31) ആയിരുന്നു.