തിരുവനന്തപുരം : സൈബർ തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകളില്‍ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആർബിഐക്ക് കത്ത് നല്കി. പണം കൈമാറുന്നതിന്റെ പ്രധാന മാർഗം കറണ്ട് അക്കൗണ്ടുകളായിരിക്കെ, ഇത്തരം അക്കൗണ്ട് ഇടപാടിന് പരിധി നിശ്ചയിക്കണമെന്നാണ് ആവശ്യം. ഇന്ത്യയിലെ സർവ്വീസ് പ്രൊവൈഡർ മുഖേന അക്കൗണ്ടുകള്‍ കൈമാറ്റം ചെയ്യാനുള്ള സംവിധാനം കൊണ്ടുവരണമെന്നും ഡാർക് നെറ്റ് ഉപയോഗിച്ചുള്ള വിദേശ ഇടപാട് നിരോധിക്കണമെന്നും ആർബിഐക്ക് നല്കിയ കത്തില്‍ ആവശ്യപ്പെടുന്നു.
വിവിധ സൈബർ തട്ടിപ്പ് കേസുകളിലെ അന്വേഷണങ്ങളില്‍ കണ്ടെത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഡിജിപി കത്ത് നല്‍കിയത്. കേരളത്തില്‍ സൈബർ തട്ടിപ്പുകളില്‍ പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സുരക്ഷ ബാങ്ക് അക്കൌണ്ടുകളില്‍ ആവശ്യപ്പെട്ട് പൊലീസ് മേധാവി ആർബിഐക്ക് കത്ത് നല്‍കിയത്.