നടൻ അല്ലു അര്‍ജുൻ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി പുഷ്പ സിനിമയിലെ സഹതാരം കൂടിയായ നടി രശ്മിക മന്ദാന. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനാകില്ല. സംഭവം ഹൃദയഭേദകമാണെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ രശ്മിക കുറിച്ചു. ‘എന്താണ് കാണുന്നതെന്ന് എനിക്കിപ്പോള്‍ വിശ്വസിക്കാനാകുന്നില്ല. അന്ന് നടന്ന സംഭവം നിർഭാഗ്യകരവും അങ്ങേയറ്റം ദുഃഖകരവും അപ്രതീക്ഷിതവും ആയിരുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തുന്നത് നിരാശാജനകമാണ്. ഈ സാഹചര്യം അവിശ്വസനീയവും ഹൃദയഭേദകവുമാണ്’ എന്നായിരുന്നു രഷ്മികയുടെ കുറിപ്പ്.
അതേസമയം, നടന്‍ അല്ലു അര്‍ജുന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തെലങ്കാന ഹൈക്കോടതിയുടേതാണ് വിധി. ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമായിരുന്നു വിധി പ്രഖ്യാപനം. നാലാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമോ എന്നതില്‍ സംശയമെന്ന് ഹൈക്കോടതി സിംഗില്‍ ബഞ്ച് സംശയം പ്രകടിപ്പിച്ചു. ഒരു ജനപ്രീയ താരം എന്നുള്ളതുകൊണ്ട് മാത്രം ഒരിടത്ത് പോകാനോ സിനിമയുടെ പ്രമോഷന്‍ നടത്താനോ പാടില്ലെന്ന തരത്തില്‍ അല്ലു അര്‍ജുനുമേല്‍ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ കഴിയില്ല. ഒരു പ്രമോഷന്‍റെ ഭാഗമായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദം തല്‍ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ആ കുറ്റം അല്ലു അർജുന് മേല്‍ മാത്രം നിലനില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. സൂപ്പർ താരമാണെന്ന് കരുതി അല്ലു അർജുന് ഒരു പൗരനെന്ന നിലയില്‍ ലഭിക്കേണ്ട അവകാശങ്ങള്‍ ലംഘിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ശക്തമായ വാദപ്രതിവാദങ്ങളായിരുന്നു അല്ലു അര്‍ജുന്‍റെ ജാമ്യഹര്‍ജിയില്‍ തെലങ്കാന ഹൈക്കോടതിയില്‍ നടന്നത്.