മുംബൈ: രശ്മിക മന്ദാന ആരാധകർക്ക് ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ്. തന്‍റെ പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നടി. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോടു കൂടിയ ഈ പോസ്റ്ററില്‍ ഒരു പോരാളിയെപ്പോലെ നില്‍ക്കുകയാണ് രശ്മിക. ” രശ്മിക അൺലീഷ്ഡ്” എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയുടെ ടൈറ്റിൽ 2025 ജൂൺ 27-ന് രാവിലെ 10:08-ന് പ്രഖ്യാപിക്കുമെന്ന് രശ്മിക ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
പോസ്റ്ററിൽ രശ്മിക ഒരു യോദ്ധാവിന്‍റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. കാടിന്‍റെ പശ്ചാത്തലത്തിൽ, കൈയിൽ ഒരു കുന്തവുമായി നിൽക്കുന്ന രശ്മികയെ കാണാം. വലതുവശത്ത് ഒരു മരം കത്തുന്നതും, ഒരു കൂട്ടം ആയുധധാരികളായ പുരുഷന്മാർ അവരെ ലക്ഷ്യമാക്കി വരുന്നതും പോസ്റ്ററിൽ ദൃശ്യമാണ്. ഈ രംഗം സിനിമയുടെ തീവ്രവും നിഗൂഢവുമായ സ്വഭാവത്തെ സൂചിപ്പിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈൻ, രശ്മികയുടെ കഥാപാത്രത്തിന്റെ ധൈര്യവും അതിജീവനവും പ്രതിഫലിപ്പിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ സംസാരം. “എന്റെ അടുത്ത സിനിമയുടെ ടൈറ്റിൽ ഊഹിക്കാമോ? ആർക്കും ശരിക്കും ഊഹിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല… പക്ഷേ, ആർക്കെങ്കിലും ശരിയായ ടൈറ്റിൽ ഊഹിച്ചെടുക്കാൻ കഴിഞ്ഞാൽ, ഞാൻ നിങ്ങളെ നേരിട്ട് കാണാൻ വരും” എന്നാണ് താരം തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.
ഈ വെല്ലുവിളി ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്, പലരും സോഷ്യൽ മീഡിയയിൽ ടൈറ്റിലുകള്‍ ഊഹിച്ച് പറയുന്നുണ്ട്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം രശ്മിക ഇപ്പോൾ പാൻ-ഇന്ത്യൻ തലത്തിൽ ഏറ്റവും ഡിമാൻഡുള്ള നടിമാരിൽ ഒരാളാണ്. ‘കുബേര’ എന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.