ബംഗളൂരു: ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു റണ്‍സകലെ സെഞ്ചുറി നഷ്ടമായെങ്കിലും ഇന്ത്യൻ റെക്കോര്‍ഡിട്ട് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. 99 റണ്‍സെടുത്ത് പുറത്തായ പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 2500 റണ്‍സ് പിന്നിടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി. 62 ഇന്നിംഗ്സില്‍ നിന്നാണ് പന്ത് 2500 റണ്‍സ് പിന്നിട്ടത്. 69 ഇന്നിംഗ്സുകളില്‍ 2500 റണ്‍സ് തികച്ച എം എസ് ധോണിയെയാണ് റിഷഭ് പന്ത് ഇന്ന് പിന്നിലാക്കിയത്.
82 ഇന്നിംഗ്സില്‍ 2500 റണ്‍സ് പിന്നിട്ടിട്ടുള്ള ഫറൂഖ് എഞ്ചിനീയറാണ് അതിവേഗം 2500 റണ്‍സ് തികച്ച ഇന്ത്യൻ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്നാം സ്ഥാനത്ത്. 62 ഇന്നിംഗ്സില്‍ 2500 റണ്‍സ് പിന്നിട്ടതോടെ ഇന്ത്യയുടെ 92 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായി 65 ഇന്നിംഗ്സുകളില്‍ താഴെ 2500 റണ്‍സ് പിന്നിടുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിന്റെ പേരിലായി. ഇന്ന് സെഞ്ചുറി നേടിയിരുന്നെങ്കില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് പന്തിന് സ്വന്തമാകുമായിരുന്നു. ആറ് സെഞ്ചുറികളുള്ള ധോണിക്കൊപ്പമാണ് പന്ത് ഇപ്പോള്‍. ടെസ്റ്റില്‍ 99 റണ്‍സില്‍ പുറത്താവുന്ന രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറുമാണ് റിഷഭ് പന്ത്. 2012 മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ എം എസ് ധോണിയും 99 റണ്‍സില്‍ പുറത്തായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
36 ടെസ്റ്റില്‍ 2551 റണ്‍സടിച്ചിട്ടുള്ള പന്ത് കരിയറില്‍ ഏഴാം തവണയാണ് 90കില്‍ പുറത്താവുന്നത്. ആറ് സെഞ്ചുറികളും 12 അര്‍ധസെഞ്ചുറികളും റിഷഭ് പന്തിന്റെ പേരിലുണ്ട്. ന്യൂസിലന്‍ഡ് ഇന്നിംഗ്സിനിടെ പന്ത് കൊണ്ട് കാല്‍മുട്ടിന് പരിക്കേറ്റ പന്ത് മൂന്നാം ദിനം വിക്കറ്റ് കീപ്പ് ചെയ്യാനിറങ്ങിയിരുന്നില്ല. കാല്‍മുട്ടിലെ വേദന വകവെക്കാതെയാണ് പന്ത് നാലാം ദിനം അഞ്ചാമനായി ക്രീസിലിറങ്ങിയത്.