മഴക്കാലപൂർവ്വ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല; ആശങ്കയിൽ ഗൗരീശപട്ടം നിവാസികൾ

തിരുവനന്തപുരം: വീണ്ടുമൊരു മഴയെത്തുമ്പോള്‍ ആശങ്കയിലാണ് തലസ്ഥാനത്തെ ഗൗരീശപട്ടം നിവാസികള്‍. കഴിഞ്ഞ രണ്ടു വർഷവും ചെറിയ മഴ പെയ്തപ്പോഴേക്കും മുങ്ങിയ പ്രദേശമാണിത്. വെള്ളക്കെട്ടിന് പ്രധാന കാരണമായിരുന്ന നെല്ലിക്കുഴി പാലത്തിന്റെ ഉയരം കൂട്ടിയെങ്കിലും മഴക്കാല പൂർവ്വ പ്രവർത്തനങ്ങള്‍ കാര്യമായി നടക്കാത്തതാണ് ആശങ്കയുണ്ടാക്കുന്നത്. തമ്പാനൂരിനെ വെള്ളക്കെട്ടില്‍ നിന്ന് മോചിപ്പിച്ച ഓപ്പറേഷൻ അനന്തയ്ക്ക് സമാനമായി ഗൗരീശപട്ടത്തും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ വർഷത്തെ ഒറ്റ മഴയില്‍ ഗൗരീശപട്ടം സ്വദേശിയായ ചന്ദ്രികയുടെ ഒറ്റ മുറി വീട് പൂർണമായും മുങ്ങി. മുട്ടോളം വെള്ളത്തില്‍ അയല്‍വാസികള്‍ രക്ഷക്കെത്തിയത് ചന്ദ്രികയ്ക്ക് തുണയായി. എന്നാല്‍ വെള്ളമിറങ്ങി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഉടുതുണി പോലും വെള്ളത്തില്‍ ഒലിച്ചു പോയിരുന്നു.

Advertisements

ഗൗരീശപട്ടം, കുഴിവയല്‍, കോസ്മോ, മുറിഞ്ഞപ്പാലം, തേക്കുമൂട് പ്രദേശത്തെ ആയിരത്തോളം വീടുകളുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. ആമയിഴഞ്ചാൻ തോടിന് കുറുകെ ഒഴുക്ക് തടസ്സപ്പെടുത്തി നെല്ലിക്കുഴിയില്‍ നിർമിച്ച പാലമായിരുന്നു പ്രദേശത്ത് കഴിഞ്ഞ മഴയില്‍ വില്ലനായത്. ആവശ്യത്തിന് ഉയരമില്ലാതെയായിരുന്നു പാലം കെട്ടിയത്. ഏറെ പരാതികള്‍ക്കൊടുവില്‍ പാലത്തിന്റെ ഉയരം കൂട്ടി. തുടരെ തുടരെ നഗരം വെള്ളത്തില്‍ മുങ്ങിയതോടെ വെള്ളക്കെട്ട് പരിഹരിക്കാൻ മന്ത്രിമാർ ചേർന്ന് കർമ്മപദ്ധതി തയാറാക്കിയിരുന്നു. ചെളി വാരി ആഴം കൂട്ടും, പാർശ്വഭിത്തി കെട്ടും, എന്നിങ്ങനെയുള്ള ഉറപ്പൊക്കെ പാഴായി. മഴക്കാലമെത്തിയിട്ടില്ല, പക്ഷെ വേനല്‍മഴ ഒന്ന് കനത്തപ്പോഴേക്കും തോട്ടിലെ ജലനിരപ്പ് ഉയരുന്നുണ്ടോയെന്ന് ആശങ്കയോടെ നോക്കി നില്‍ക്കുകയാണ് ഇവിടുത്തുകാർ. ഇറിഗേഷൻ, ടൂറിസം വകുപ്പുകള്‍, കോർപ്പറേഷൻ. ഉത്തരവാദിത്വപ്പെട്ടവരെല്ലാം മഴക്കാലം അടുത്തെത്തിയിട്ടും അനങ്ങിയിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.