ഈ റോഡ് വൃത്തിയാക്കാൻ ഇനി ജീവൻ ബലി നൽകണോ..? കോട്ടയം നഗരത്തിൽ ഇരുചക്രവാഹനയാത്രക്കാർക്ക് അപകടക്കെണിയായി ചെളിക്കളം; ഉച്ചയ്ക്ക് റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടത് അത്ഭുകരമായി; ഫോട്ടോഗ്രാഫർ പ്രശാന്ത് എം.നായർ പകർത്തിയ കോട്ടയം ടിബി റോഡിന്റെ അപകട ചിത്രങ്ങൾ കാണാം

പ്രശാന്ത് എം.നായർ

ജാഗ്രതാ ന്യൂസ്
കോട്ടയം ബ്യൂറോ
ഫോട്ടോ: പ്രശാന്ത് എം.നായർ

Advertisements

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ടി.ബി റോഡിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം ചെളിക്കളമായി റോഡ്. ഇരുചക്രവാഹനക്കാരുടെ ജീവന് പോലും ഭീഷണിയായാണ് റോഡ് ചെളിയിൽ മുങ്ങിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ റോഡിലെ ചെളിയിൽ തെന്നി മറിഞ്ഞ ബൈക്കിൽ നിന്നും യാത്രക്കാരൻ രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പൊളിച്ച സ്ഥലത്തു നിന്നാണ് കനത്ത മഴയിൽ ചെളി റോഡിലേയ്ക്ക് ഒഴുകിയിറങ്ങുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസങ്ങളിൽ സമാന രീതിയിൽ റോഡിലേയ്ക്കു ചെളിയും വെള്ളവും മണ്ണും ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. എന്നാൽ, വെള്ളിയാഴ്ച മഴ അതിരൂക്ഷമായതോടെയാണ് ഇപ്പോൾ റോഡിൽ മഴ വെള്ളത്തിനൊപ്പം ചെളിയും നിറഞ്ഞത്. പൊളിച്ചിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും റോഡിലേയ്ക്ക് ചെളിയും വെള്ളവും മണ്ണും ഒഴുകിയിറങ്ങുകയാണ്. ഈ റോഡിലൂടെ ചെളി വെള്ളം ഒഴുകിയിറങ്ങി റോഡ് മുഴുവൻ ചുവന്ന നിറത്തിലായി മാറിയിട്ടുണ്ട്.

ഇത് കൂടാതെ സ്റ്റാൻഡിലെ മണ്ണ് നിറഞ്ഞ ഭാഗത്തു നിന്നുമാണ് കെ.എസ്.ആർ.ടി.സി ബസുകൾ റോഡിലേയ്ക്ക് ഇറങ്ങുന്നത്. ഇത്തരത്തിൽ റോഡിലേയ്ക്ക് ഇറങ്ങുന്ന ബസുകളുടെ ടയറിൽ കുടുങ്ങിയും ചെളി റോഡിലെത്തുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോട്ടയം ടൗൺ ഭാഗത്തു നിന്നും ടിബി ജംഗ്ഷൻ ഭാഗത്തേയ്ക്കു പോയ ആക്ടീവ യാത്രക്കാരനാണ് റോഡിൽ തെന്നി വീണത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ രക്ഷിച്ചത് കൊണ്ട് മാത്രമാണ് പിന്നാലെ എത്തിയ വാഹനത്തിന് അടിയിൽ വീഴാതെ ഈ യുവാവ് രക്ഷപെട്ടത്.

റോഡ് മുഴുവൻ ചെളിയിൽ മുങ്ങി, യാത്രക്കാർ റോഡിൽ വീണിട്ടും ഒരു മരണം കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണ് അധികൃതർ. റോഡിലെ ചെളി കഴുകി നീക്കാനോ വേണ്ട നടപടിയെടുക്കാനോ അധികൃതർ ആരും തന്നെ ഇനിയും തയ്യാറായിട്ടില്ല. റോഡിലൂടെ കാൽനട പോലും ദുരിതത്തിലായിട്ടും അധികൃതർ കാത്തിരിക്കുന്നത് രക്തം വീണ് റോഡ് കൂടുതൽ ചുവക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ട്രാഫിക് പൊലീസും, ജില്ലാ പൊലീസും, അഗ്നിരക്ഷാ സേനയും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Hot Topics

Related Articles