കോട്ടയം: രാത്രി ഡ്യൂട്ടിയ്ക്കു ശേഷം വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ വീണ്ടും സ്‌റ്റേഷനിൽ നിന്നും വിളിയെത്തിയതോടെയുള്ള മടക്ക യാത്ര പക്ഷേ, റെജികുമാറിന്റെ അന്ത്യയാത്രയായി. രാമപുരം പൊലീസ് സ്റ്റേഷനിലെ ഗ്രേസ് എസ്.ഐ കറുകച്ചാൽ നെടുങ്കുന്നം കാവേലി ഭാഗത്ത് ആര്യാട്ടുകുന്നേൽ വീട്ടിൽ റെജികുമാറാണ് നെറ്റ് ഡ്യൂട്ടിയ്ക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെ സ്റ്റേഷനിൽ നിന്നെത്തിയ കോളിൽ മരണത്തിലേയ്ക്കു വണ്ടിയോടിച്ചത്.
രാമപുരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആയിരുന്നു റെജികുമാർ. ഇദ്ദേഹം കഴിഞ്ഞ ദിവസം നൈറ്റ് ഡ്യൂട്ടിയ്ക്ക് ശേഷം വീട്ടിലെത്തി വിശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് അത്യാവശ്യമായി സ്‌റ്റേഷനിൽ എത്തണമെന്നാവശ്യപ്പെട്ട് ഫോൺ കോൾ എത്തിയത്. ഇതേ തുടർന്നു, ഇദ്ദേഹം വീണ്ടും ബൈക്കിൽ തിരികെ സ്‌റ്റേഷനിലേയ്ക്കു പോകുകയായിരുന്നു. ഇതിനിടെ പള്ളിക്കത്തോട് -കൊടുങ്ങൂർ റോഡിൽ മാഗ്നംപടി ഭാഗത്ത് ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുയാകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശാരീരികമായ അസ്വസ്ഥതകളും ക്ഷീണവും കാരണം ഇദ്ദേഹത്തിന്റെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്നാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. റോഡിന്റെ എഡ്ജിൽ ചാടിയ ബൈക്ക് എതിർ വശത്തേയ്ക്ക് പാഞ്ഞു പോകുകയും, ഈ സമയം എതിർ വശത്തു നിന്നും എത്തിയ കാറിന്റെ ചക്രങ്ങളിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ഇദ്ദേഹത്തിന്റെ മരണം ഉടൻ തന്നെ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റി. പള്ളിക്കത്തോട് പൊലീസ് കേസെടുത്തു. ഭാര്യ സിനി, മകൻ വിഷ്ണു, മകൾ മാളു.