കോട്ടയം: കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ച ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികൻ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലോടെ ഏറ്റുമാനൂർ റോഡിൽ സംക്രാന്തിക്ക് സമീപം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തിരിയുന്ന റോഡിലാണ് സംഭവം.
കോട്ടയം ഭാഗത്ത് നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് വന്ന ലോറി കുഴി കണ്ടതിനെ തുടർന്ന് വെട്ടിയ്ക്കവേ ദിശതെറ്റി എതിർദിശയിൽ എത്തിയ ബൈക്കിലിടിക്കുകയായിരുന്നു. ബൈക്ക് യാത്രികൻ റോഡിന്റെ മറുവശത്തെ വീണതിനാൽ, വലിയ അപകടം ഒഴിവായി. എന്നാൽ, ലോറിയുടെ ചക്രത്തിൽ ഉടക്കിയ ബൈക്കുമായി കുറച്ചു ദൂരം വലിച്ചുകൊണ്ടുപോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡിന് മധ്യഭാഗത്തായി ഒരു വർഷം മുൻപ് ഡിവൈഡർ സ്ഥാപിച്ചിരുന്നു. ഡിവൈഡറിൽ തട്ടിയുള്ള അപകടം വർദ്ധിച്ചതിനെ തുടർന്നാണ് ഡിവൈഡർ പൊളിച്ചുമാറ്റിയത്. എന്നാൽ, ഇതിന്റൈ ബാക്കിയുള്ള കോൺക്രീറ്റ് നിലനിന്നു. കോൺക്രീറ്റ് കനത്തമഴയിലും മറ്റും ഇളകിമാറിയതോടെ ചതുരാകൃതിയിലുള്ള വലുതും ചെറുതുമായ കുഴികൾ രൂപപ്പെട്ടു. ദിനം പ്രതി നൂറ് കണക്കിന് വാഹനങ്ങളും ആംബുലൻസുകളും കടന്നു പോകുന്ന റോഡിലെ കുഴിയാണ് ഇപ്പോൾ വില്ലനായിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.ചെറുതും വലുതുമായ അപകടങ്ങളും ഇവിടെ സംഭവിക്കുന്നുണ്ട്. ട്രാഫിക് സിഗ്നൽ ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. ഹോംഗാർഡിന്റെ സേവനുമില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.