കങ്കാരുക്കളോട് കടം വീട്ടി രോഹിത്തും സംഘവും ! ഹിറ്റ്മാൻ്റെ  കടന്നാക്രമണത്തിൽ കട പുഴകി കങ്കാരുപ്പട : ലോകകപ്പിൽ നിന്നും ഓസ്ട്രേലിയ പുറത്ത് 

സെൻ്റ് ലൂസിയ : രോഹിത്തിൻ്റെ കടന്നാക്രമണത്തിന് മുന്നിൽ പതറിയ ഓസ്ട്രേലിയ ലോകകപ്പിൽ സെമി കാണാതെ പുറത്ത്. അഫ്ഗാനോട് ഏറ്റ തോൽവിക്ക് പിന്നാലെ ഇന്ത്യയോടും തോറ്റതോടെയാണ് ഓസ്ട്രേലിയ സെമി കാണാതെ പുറത്തായത്. രോഹിത് ശർമയുടെ മികവിൽ ഇന്ത്യ ഉയർത്തിയ 205 റണ്ണിനെതിരെ , 20 ഓവർ ബാറ്റ് ചെയ്തിട്ടും ഏഴ് വിക്കറ്റ് നഷ്ടമാക്കി 181 റൺ മാത്രമാണ് ഓസ്ട്രേലിയയിലേക്ക് നേടാൻ ആയത്. ഇതോടെ അടുത്ത കളി വിജയിച്ചാൽ അഫ്ഗാനിസ്ഥാന് സെമി കാണാവുന്ന അവസ്ഥയായി. 24 റണ്ണിനാണ് ഇന്ത്യൻ വിജയം. 

Advertisements

205 റൺ വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ വിജയം മാത്രം ലക്ഷ്യമിട്ടാണ് ആക്രമിച്ചു കളിച്ചത്. സ്കോർ ബോർഡിൽ ആറ് റൺ മാത്രം നിൽക്കെ അർഷദീപ് വാർണറെ വീഴ്ത്തി (6). പിന്നാലെ കളത്തിൽ എത്തിയ മിച്ചൽ മാർഷിനെ (37) കുടെ നിർത്തി , ട്രാവിസ് ഹെഡ് ആക്രമിച്ച് കളിയ്ക്കുകയായിരുന്നു.  ബുംറയുടെ ഒരു ഓവറിൽ മൂന്ന് ഫോർ വരെ ഹെഡ് അടിച്ച് പറത്തി. കളി ഇന്ത്യയുടെ കയ്യിൽ നിന്നും പോകും എന്ന ഘട്ടത്തിൽ കുൽദീപ് ഇന്ത്യയുടെ രക്ഷയ്ക്ക് എത്തി. ബൗണ്ടറി ലൈനിൽ പറന്ന് ക്യാച്ച് എടുത്ത അക്സർ മിച്ചൽ മാർഷിനെ പുറത്താക്കിയത് ഇന്ത്യയ്ക്ക് പുതു ജീവനായി. വന്ന പാടെ ബാറ്റ് എടുത്ത് അടി തുടങ്ങിയ മാക്സ് വെല്ലിനെ (20) ക്ലീൻ ബൗൾഡ് ചെയ്താണ് കുൽദീപ് വീണ്ടും ഇടപെട്ടത്. സ്റ്റോണിസിനെ(2)  പാണ്ഡ്യയുടെ കയ്യിൽ എത്തിച്ച് അക്സർ വീണ്ടും ആഞ്ഞടിച്ചു. അപ്പോഴെല്ലാം മറുവശത്ത് അക്രമകാരിയായി 43 പന്തിൽ നാല് സിക്സും ഒൻപത് ഫോറും പറഞ്ഞി 76 റൺ എടുത്ത് ഹെഡ് നിൽക്കുന്നുണ്ടായിരുന്നു. 16 ആം ഓവറിൻ്റെ മൂന്നാം പന്തിൽ രോഹിത്തിൻ്റെ കയ്യിൽ ഹെഡിനെ എത്തിച്ച് വീണ്ടും ബുംറ മാജിക്. മാത്യു വെഡിനെയും (1) , ടിം ഡേവിഡിനെയും (15) അർഷദീപ് വീഴ്ത്തിയതോടെ ഇന്ത്യ വിജയത്തിലേയ്ക്ക് അടുത്തു. ബുംറ നാല് ഓവറിൽ 29 റൺ വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. അർഷദീപ് മൂന്നും കുൽദീപ് രണ്ടും അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കോഹ്ലി ആദ്യം തന്നെ ഡക്കായി പുറത്തായെങ്കിലും രോഹിത് ശർമ ആക്രമണ സ്വഭാവത്തോട് കൂടിയാണ് മുന്നേറിയത്.  ഓസ്ട്രേലിയക്കെതിരേ പക്ഷേ, രോഹിത് ശർമ തന്റെ പഴയ ഹിറ്റ്മാൻ സ്വഭാവം പൂണ്ടു. സിക്സുകളും ബൗണ്ടറികളും തലങ്ങും വിലങ്ങും പായിച്ചു. മിച്ചല്‍ സ്റ്റാർക്കെറിഞ്ഞ 12-ാം ഓവറില്‍ ബൗള്‍ഡായി മടങ്ങുമ്ബോള്‍ 41 പന്തില്‍ 92 റണ്‍സായിരുന്നു ഹിറ്റ്മാന്റെ സമ്ബാദ്യം. എട്ട് സിക്സും ഏഴ് ബൗണ്ടറിയും കോർത്തിണക്കിയ നയനാനന്ദകരമായ ഇന്നിങ്സ്. അർഹിച്ച സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ വീണെന്ന നിരാശ മാത്രം ബാക്കിയായി. ഇന്ത്യയുടെ വലംകൈയൻ ബാറ്റർമാരെ നേരിടാനാണ് സ്റ്റാർക്കിനെ ഓസ്ട്രേലിയ ലൈനപ്പില്‍ കൊണ്ടുവന്നത്. അത് ഓസീസിനെത്തന്നെ തിരികെക്കൊത്തി. സ്റ്റാർക്ക് എറിഞ്ഞ മൂന്നാം ഓവറില്‍ 6,6,4,6,0,WD,6 എന്ന വിധത്തിലാണ് രോഹിത് അമ്മാനമാടിയത്. ആ ഓവറിലാകെ ലഭിച്ചത് 29 റണ്‍സ്. ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒരോവറില്‍ സ്റ്റാർക്ക് വഴങ്ങിയ ഏറ്റവും കൂടുതല്‍ റണ്‍സ്. ദുബായില്‍ നടന്ന 2021 ലോകകപ്പ് ഫൈനലില്‍ ന്യൂസീലൻഡിനെതിരേ ഒരോവറില്‍ 22 റണ്‍സ് വഴങ്ങിയതായിരുന്നു ഇതുവരെ സ്റ്റാർക്കിന്റെ പേരില്‍ നിലനിന്നിരുന്ന മോശം ഓവർ. അത് രോഹിത്ത് തിരുത്തിയെഴുതി.

അവിടംകൊണ്ടും രോഹിത് അവസാനിപ്പിച്ചില്ല. അഞ്ചാം ഓവർ എറിഞ്ഞ കമിൻസിനെ സിക്സിനു പറത്ത് രോഹിത് മറ്റൊരു പൊൻതൂവല്‍കൂടി തലപ്പാവിലണിഞ്ഞു. അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ 200 സിക്സ് നേടുന്ന ഒരേയൊരു കളിക്കാരൻ. ഇടക്ക് മഴയെത്തി നിർത്തി പുനരാരംഭിക്കേണ്ടി വന്നിട്ടും രോഹിത്തിലെ ആക്രമണകാരി അടങ്ങിയില്ല. അഞ്ചാം ഓവറില്‍ അർധ സെഞ്ചുറി. കേവലം 19 പന്തില്‍നിന്നാണ് 50 റണ്‍സ് നേടിയത്. അപ്പോള്‍ ടീം സ്കോർ 52 ആയിരുന്നുവെന്നുകൂടി ഓർക്കണം. ബാബർ അസമിനെയും വിരാട് കോലിയെയും മറികടന്ന് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായതും ഇന്നത്തെ ഇന്നിങ്സോടെയാണ്. 4165 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. ബാബർ അസം (4145), വിരാട് കോലി (4103) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഇതിനിടെ രോഹിത് മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ടി20 യില്‍ പന്ത് അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ അർധസെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാവാനും കഴിഞ്ഞു. 12 പന്തില്‍ യുവരാജ് സിങ്, 18 വീതം പന്തുകളില്‍ കെ.എല്‍. രാഹുല്‍, സൂര്യകുമാർ യാദവ്, 19 പന്തില്‍ ഗൗതം ഗംഭീർ എന്നിവരാണ് മറ്റുള്ളവർ.

അവിടെയും തീരുന്നില്ല രോഹിത് തീർത്ത താണ്ഡവത്തിന്റെ ആഴം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരമെന്ന ക്രിസ് ഗെയ്ലിന്റെ റെക്കോഡ് മറികടക്കാനും രോഹിത്തിന് കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരേ 130 സിക്സുകളാണ് ഗെയില്‍ നേടിയത്. ഓസ്ട്രേലിയക്കെതിരേ രോഹിത് 132 സിക്സുകള്‍ നേടിക്കഴിഞ്ഞു. ടി20 ലോകകപ്പില്‍ ഒരു ടീമിനെതിരേ എട്ട് സിക്സുകള്‍ നേടിയ ഓരേയൊരു ഇന്ത്യൻ ബാറ്ററും രോഹിത് തന്നെ. 2007-ല്‍ ഡർബനില്‍ ഇംഗ്ലണ്ടിനെതിരേ യുവരാജ് സിങ് നേടിയ ഏഴ് സിക്സാണ് ഇതിനു മുൻപത്തെ ടി20യിലെ റെക്കോഡ്. ടി20 ലോകകപ്പിലെ രോഹിത് ശർമയുടെ ഏറ്റവും മികച്ച സ്കോറാണ് സെന്റ് ലൂസിയയില്‍ കണ്ടത്. 2010-ല്‍ ബ്രിജ്ടൗണില്‍ പുറത്താവാതെ നേടിയ 79 റണ്‍സാണ് ഇതിനുമുൻപത്തെ ലോകകപ്പ് ടോപ് സ്കോർ. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി വലിയ വ്യക്തിഗത സ്കോർ നേടുന്ന രണ്ടാമത്തെ താരമെന്ന പേരും രോഹിത് സ്വന്തം പേരില്‍ ചേർത്തു. 2010-ല്‍ സുരേഷ് റെയ്ന നേടിയ 101 റണ്‍സാണ് ഏറ്റവും വലിയ വ്യക്തിഗത സ്കോർ. ടി20 ലോകകപ്പ് ചരിത്രത്തില്‍ ക്യാപ്റ്റന്മാരുടെ കൂട്ടത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഇന്നിങ്സും രോഹിത് സ്വന്തമാക്കി. 2010-ല്‍ ക്രിസ് ഗെയ്ല്‍ നേടിയ 98 റണ്‍സ് കഴിഞ്ഞാല്‍, 92 റണ്‍സ് നേടിയ രോഹിത്തിന്റേതാണ് ക്യാപ്റ്റൻമാരുടെ കൂട്ടത്തിലെ മികച്ച ഇന്നിങ്സ്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സ്‌ഫോടനാത്മക ഇന്നിങ്‌സ് കണ്ടപ്പോള്‍ ഇന്ത്യ 240 പ്ലസ് റണ്‍സെങ്കിലും നേടുമെന്നാണ് എല്ലാവരും ഉറപ്പിച്ചത്. 12ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ രോഹിത് (41 ബോളില്‍ 92) മടങ്ങുമ്ബോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 127 റണ്‍സുണ്ടായിരുന്നു. തുടര്‍ന്നാണ് അഞ്ചാമനായി ദുബെ ക്രീസിലെത്തിയത്. നേരിട്ട ആദ്യ ബോളില്‍ ഫോറടിച്ചാണ് താരം തുടങ്ങിയത്. അടുത്ത ഓവറില്‍ ആദം സാംപയ്‌ക്കെതിരേ മിഡ് വിക്കറ്റിനു മുകളിലൂടെ കിടിലനൊരു സിക്‌സറും ദുബെ പറത്തി. ഇതോടെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കണ്ട ദുബെയെ ഈ കളിയിലും കാണാനാവുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചു. പക്ഷെ പിന്നീട് അങ്ങോട്ട് താരത്തിന്റെ ഇന്നിങ്‌സ് ടോപ് ഗിയറിലേക്കല്ല, മറിച്ച്‌ നേരെ താഴേക്കാണ് പോയത്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ പാടുപെട്ട ദുബെ സിംഗിളും ഡബിളുമെടുത്ത് തപ്പിത്തടയുകയായിരുന്നു. ക്രീസിന്റെ മറുഭാഗത്തുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ് വമ്ബന്‍ ഷോട്ടുകളിലൂടെ സ്‌കോറിങിനു വേഗം കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ ദുബെ അതു കുറയ്ക്കാനായിരുന്നു ശ്രമിച്ചത്.

15ാം ഓവറില്‍ 16 ബോളില്‍ 31 റണ്‍സെടുത്ത സൂര്യ പുറത്തായ ശേഷം ആക്രമണത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടിയിരുന്നത് ദുബെയാണ്. പക്ഷെ അദ്ദേഹം ഇതില്‍ തികഞ്ഞ പരാജയമായി മാറുകയും ചെയ്തു. 15ാം ഓവറില്‍ ഏഴും 16ാം ഓവറില്‍ നാലും 17ാം ഓവറില്‍ അഞ്ചും റണ്‍സ് മാത്രമേ ഇന്ത്യക്കു നേടാനായുള്ളൂ. ദുബെ കുറേക്കൂടി അഗ്രസീവായി ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ത്യക്കു വലിയ സ്‌കോറിലേക്കു ഈ സമയത്തു കുതിക്കാന്‍ സാധിക്കുമായിരുന്നു.18ാം ഓവറില്‍ 10 റണ്‍സാണ് ഇന്ത്യക്കു ലഭിച്ചത്. ഹാര്‍ദിക് പാണ്ഡ്യയുടെ ഒരു ഫോര്‍ ഇല്ലായിരുന്നെങ്കില്‍ ആറു റണ്‍സ് മാത്രമേ ടീമിനു കിട്ടുമായിരുന്നുള്ളൂ. 19ാം ഓവറില്‍ ദുബെ പുറത്താവുമ്ബോഴേക്കും ഏറെ വൈകിപ്പോയിരുന്നു. 17 ബോളില്‍ 27 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യയെ 205ലെങ്കിലും എത്തിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.