സ്പോർട്സ് ഡെസ്ക്ക് : ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ പൂനെയില്‍ നടന്ന പോരാട്ടത്തില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ .ഇന്ത്യ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം കൊയ്ത മല്‍സരത്തില്‍ ഹിറ്റ്മാന്‍ 48 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 40 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഫിഫ്റ്റി രണ്ടു റണ്‍സ് മാത്രമകലെ നഷ്ടമായെങ്കിലും റെക്കോര്‍ഡിടാന്‍ അദ്ദേഹത്തിനു ഇതു മതിയായിരുന്നു.
ഏകദിന ലോകകപ്പില്‍ 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരമെന്ന റെക്കോര്‍ഡാണ് രോഹിത് തന്റെ പേരിലാക്കിയത്. നേരത്തേ സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ പേരിലായിരുന്നു ഓള്‍ടൈം റെക്കോര്‍ഡ്. ഇതാണ് ഹിറ്റ്മാന്‍ പഴങ്കഥയാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1243 റണ്‍സുമായാണ് രോഹിത് തലപ്പത്ത് എത്തിയിരിക്കുന്നത്. 1207 റണ്‍സെന്ന എബിഡിയുടെ റെക്കോര്‍ഡ് ഇതോടെ തകരുകയും ചെയ്തു. മൂന്നു ലോകകപ്പുകളില്‍ നിന്നാണ് രോഹിത് ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. 2011ലെ ലോകകപ്പില്‍ ടീമില്‍ ഇടം ലഭിക്കാതെ പോയ അദ്ദേഹം തുടര്‍ന്നുള്ള രണ്ടു എഡിഷനുകളിലും ഇന്ത്യക്കായി കളിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.
100നു മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള താരങ്ങളുടെ ലിസ്റ്റില്‍ ടോപ്പ് സിക്‌സില്‍ രോഹിത്തിനെക്കൂടാതെ ഇന്ത്യയുടെ മറ്റു രണ്ടു പേര്‍ കൂടി ഇടം പിടിച്ചിട്ടുണ്ട്. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ കപില്‍ ദേവുമാണിത്. 843 റണ്‍സോടെ ലിസ്റ്റിലെ മൂന്നാമനാണ് സെവാഗ്.
ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കെല്ലം 742 റണ്‍സുമയി നാലാമതുമുണ്ട്. അഞ്ചാംസ്ഥാനം കപിലിനാണ്. 669 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്ബാദ്യം. ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ 643 റണ്‍സുമായി ആറാമതുമുണ്ട്.
സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ മാത്രമല്ല ശരാശരിയിലും തന്നെ വെല്ലാന്‍ ഏകദിന ലോകകപ്പില്‍ മറ്റൊരു താരമില്ലെന്നു രോഹിത് തെളിയിച്ചിരിക്കുകയാണ്. ലോകകപ്പില്‍ കുറഞ്ഞത് 1000 റണ്‍സെങ്കിലും നേടിയിട്ടുള്ള താരങ്ങളെയെടുത്താല്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ളത് രോഹിത്തിനാണ്. 65.42 ശരാശരിയോടെയാണ് ഹിറ്റ്മാന്‍ ഒന്നാംസ്ഥാനത്തുള്ളത്. 63.52 ശരാശരിയുമായി എബി ഡിവില്ലിയേഴ്‌സ് രണ്ടാംസ്ഥാനത്തുമുണ്ട്.
മൂന്നാംസ്ഥാനം വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനാണ്. 63.31 ശരാശരിയില്‍ 1013 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്ബാദ്യം. ഇന്ത്യയുടടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് നാലാമന്‍. 56.95 ശരാശരിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 2278 റണ്‍സാണ്. ശ്രീലങ്കയുടെ മുന്‍ സൂപ്പര്‍ താരവും ക്യാപ്റ്റനുമായ കുമാര്‍ സങ്കക്കാരയ്ക്കാണ് അഞ്ചാംസ്ഥാനം.
56.74 ശരാശരിയില്‍ 1532 റണ്‍സ് അദ്ദേഹം ലോകകപ്പില്‍ അടിച്ചെടുത്തു.
2019ലെ ലോകകപ്പിലെ ടോപ്‌സ്‌കോറായിരുന്ന രോഹിത് ഈ ടൂര്‍ണമെന്റിലും റണ്‍വേട്ടയില്‍ തലപ്പത്തുണ്ട്. നാലു ഇന്നിങ്‌സുകളില്‍ നിന്നും 66.25 ശരാശരിയില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തത് 265 റണ്‍സാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഉള്‍പ്പെടെയാണിത്.
ഓസ്‌ട്രേലിയയുമായി ചെപ്പോക്കില്‍ നടന്ന ടൂര്‍ണമെന്റിലെ ആദ്യകളിയില്‍ ഡെക്കുമായാണ് ഹിറ്റ്മാന്‍ തുടങ്ങിയത്. എന്നാല്‍ അഫ്ഗാനിസ്താനെതിരേ 131 റണ്‍സുമായി അദ്ദേഹം മിന്നിച്ചു. അതിനു ശേഷം ചിരവൈരികളായ പാകിസ്താനെതിരേ 86 റണ്‍സും രോഹിത് അടിച്ചെടുത്തിരുന്നു.