മെഹാലി: അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ട്വന്‍റി 20യില്‍ റണ്ണൗട്ടായതിന് പിന്നാലെ സഹഓപ്പണര്‍ സുഭ്‌മാന്‍ ഗില്ലിനോട് കയര്‍ത്ത സംഭവത്തില്‍ മറുപടിയുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഗില്ലിനോടുള്ള രോഹിത്തിന്‍റെ പെരുമാറ്റം വിമര്‍ശനത്തിന് വഴിതുറന്ന സാഹചര്യത്തില്‍ ഹിറ്റ്‌മാന്‍റെ പ്രതികരണം ശ്രദ്ധേയമാവുകയാണ്.
‘ക്രിക്കറ്റില്‍ റണ്ണൗട്ടുകള്‍ സംഭവിക്കും. റണ്ണൗട്ടുകളുണ്ടാവുമ്പോള്‍ നാം നിരാശരാകും. ടീമിനായി റണ്‍സ് കണ്ടെത്താനാണല്ലോ നാം ക്രീസില്‍ ഇറങ്ങുന്നത്. എല്ലാ കാര്യങ്ങളും നമുക്ക് അനുകൂലമായി സംഭവിക്കണം എന്നില്ല. മത്സരം നമ്മള്‍ ജയിച്ചു, അതിനാണ് പ്രാധാന്യം. ശുഭ്‌മാന്‍ ഗില്‍ തുടര്‍ന്നും കളിക്കണം എന്നായിരുന്നു എന്‍റെ ആഗ്രഹം. ശിവം ദുബെ, ജിതേഷ് ശര്‍മ്മ, തിലക് വര്‍മ്മ എന്നിവര്‍ നന്നായി ബാറ്റ് ചെയ്തു. റിങ്കു സിംഗ് മികച്ച ഫോമിലുമാണ്. ബാറ്റിംഗിലും ബൗളിംഗിലും കൂടുതല്‍ പരീക്ഷണം പ്ലേയിംഗ് ഇലവനില്‍ തുടരേണ്ടതുണ്ട്. അതിനാലാണ് വാഷിംഗ്ടണ്‍ സുന്ദര്‍ 19-ാം ഓവര്‍ എറിഞ്ഞത്. എല്ലാ വെല്ലുവിളികളും നേരിടാന്‍ താരങ്ങള്‍ തയ്യാറാകണം’ എന്നും രോഹിത് ശര്‍മ്മ മത്സര ശേഷം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൊഹാലി ട്വന്‍റി 20യില്‍ രോഹിത് ശര്‍മ്മ പുറത്തായത് നാടകീയമാണ്. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ഫസല്‍ഹഖ് ഫറൂഖിയുടെ രണ്ടാം പന്തില്‍ രോഹിത് മിഡ് ഓഫിലേക്ക് ഷോട്ട് കളിച്ചു. എന്നാല്‍ ബൗണ്ടറിക്ക് അനുവദിക്കാതെ ഇബ്രാഹിം സദ്രാന്‍ പറന്ന് പന്ത് പിടിച്ചു. ഗില്‍ ഈസമയം നോണ്‍സ്ട്രൈക്കറുടെ ക്രീസ് വിട്ട് അധികം പുറത്തേക്ക് പോയിരുന്നില്ല. ഓടണ്ട എന്ന് ഗില്‍ ആംഗ്യം കാണിക്കുകയും ചെയ്തു. പക്ഷേ രോഹിത് ഓടുകയും നോണ്‍സ്ട്രൈക്കറുടെ ക്രീസില്‍ എത്തുകയും ചെയ്തു. മിഡ് ഓഫില്‍ പറന്ന് പന്ത് പിടിച്ച ഇബ്രാഹിം സദ്രാന്‍ ത്രോ അഫ്‌ഗാന്‍ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എറിഞ്ഞുകൊടുത്തപ്പോള്‍ തിരികെ സ്ട്രൈക്കറുടെ ക്രീസിലേക്ക് ഓടുക മാത്രമായി രോഹിത്തിന് മുന്നിലുള്ള വഴി. എന്നാല്‍ ഈ ഓട്ടത്തിനിടെ ഹിറ്റ്‌മാന്‍റെ ബെയ്‌ല്‍സ് ഗുര്‍ബാസ് തെറിപ്പിക്കുകയുയായിരുന്നു. ഇതിന് പിന്നാലെയാണ് ഗില്ലിനെതിരെ രോഹിത് വാക്‌ശരങ്ങളുമായി തിരിഞ്ഞത്.
മത്സരത്തില്‍ യുവ ബാറ്റര്‍മാരുടെ കരുത്തില്‍ ടീം ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി ശിവം ദുബെയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 38 പന്തില്‍ 50 തികച്ച ദുബെ 40 പന്തില്‍ 60* റണ്‍സുമായി പുറത്താവാതെ നിന്നു. ബൗളിംഗില്‍ ഒരു വിക്കറ്റും ദുബെ നേടിയിരുന്നു. സ്കോര്‍: അഫ്‌ഗാനിസ്ഥാന്‍- 158/5 (20), ഇന്ത്യ- 159/4 (17.3).