കേപ്ടൗൺ: വിദേശ പരമ്പരകള്‍ക്ക് മുമ്പ് ഇന്ത്യ പരിശീലന മത്സരം കളിക്കാത്തതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. വിദേശ പരമ്പകള്‍ക്ക് മുമ്പ് ടീം അംഗങ്ങളെ പരസ്പരം തിരിച്ച് ഇന്‍ട്രാ സ്ക്വാഡ് മത്സരം മാത്രം കളിക്കുന്ന ഇന്ത്യന്‍ രീതിക്കെതിരെ മുന്‍ നായകന് സുനില്‍ ഗവാസ്കര്‍ അടക്കം പരസ്യമായി രംഗത്തുവന്നിരുന്നു. പരിശീലന മത്സരം കളിക്കാന്‍ തയാറാവാത്തവര്‍ വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും ഗവാസ്കര്‍ തുറന്നടിച്ചിരുന്നു.
എന്നാല്‍ പരിശീലന മത്സരങ്ങള്‍ കളിക്കുമ്പോള്‍ ലഭിക്കുന്ന പിച്ചുകളും യഥാര്‍ത്ഥ മത്സരത്തിന് ലഭിക്കുന്ന പിച്ചുകളും തമ്മില്‍ വലിയ അന്തരമുണ്ടെന്നും അതിനാലാണ് പരിശീലന മത്സരം കളിക്കാത്തതെന്നും രോഹിത് പറഞ്ഞു. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി നമ്മള് വിദേശ പരമ്പരകള്‍ക്ക് മുമ്പ് പരിശീലന മത്സരം കളിക്കാറില്ല. കാരണം, പരിശീലന മത്സരത്തില്‍ ലഭിക്കുന്ന പിച്ചുകളും യഥാര്‍ത്ഥ മത്സരത്തില്‍ കളിക്കുന്ന പിച്ചുകളും തമ്മില്‍ വലിയ അന്തരമുണ്ട്. അതുകൊണ്ട് നമ്മുടെ ആവശ്യം അനുസരിച്ചുള്ള പിച്ചുകളില്‍ പരിശീലിക്കുന്നതാണ് നല്ലത്. കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ പോയപ്പോഴും 2018ല്‍ ദക്ഷിണാഫ്രിക്കയില്‍ പോയപ്പോഴും പരിശീലന മത്സരങ്ങളില്‍ കളിക്കുമ്പോള്‍ നമുക്ക് പിച്ചുകളില്‍ പന്ത് മുട്ടിന് മുകളില്‍ ഉയരാത്ത പിച്ചുകളായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ യഥാര്‍ത്ഥ മത്സരത്തില്‍ ലഭിക്കുന്ന പിച്ചുകള്‍ തലക്ക് മുകളിലൂടെ പന്ത് ഉയരുന്ന പിച്ചുകളാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഞങ്ങള്‍ പരിശീലന മത്സരം കളിക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. യഥാര്‍ത്ഥ മത്സരങ്ങളിലേതു പോലുള്ള പിച്ചുകള്‍ ആണ് നല്കുന്നതെങ്കില് പരിശീലന മത്സരം കളിക്കാന്‍ ടീമിന് യാതൊരു വിമുഖതയുമില്ല. അതുപോലെ നല്ല വേഗതയിലെറിയുന്ന ബൗളര്‍മാരും ഉണ്ടാകണം. കഴിഞ്ഞ രണ്ടോ മൂന്നോ പരമ്പരകളില്‍ ഞങ്ങള്‍ക്ക് ലഭിച്ചത് 120-125 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ബൗളര്‍മാരെയാണ്. അതിനേക്കാള്‍ ഭേദം നമ്മുടെ ബൗളര്‍മാരെ നെറ്റ്സില്‍ നേടുന്നതാണെന്നും രോഹിത് പറഞ്ഞു.