സ്പോർട്സ് ഡെസ്ക്ക് : ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കളി മതിയാക്കുമ്പോള് കണ്ണീരണിയുന്ന റാഫേല്‍ നദാലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.കളത്തില്‍ പരസ്പരം പോരടിച്ചിരുന്ന ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെയാണ് സൈബര്‍ ലോകം വാഴ്ത്തുന്നത്. ഇതേ അഭിപ്രായവുമായി ഇന്ത്യയുടെ മുന്‍ നായകന് വിരാട് കോലിയും രംഗത്തുവന്നു.
ചിരവൈരികള്‍ക്ക് പരസ്പരം ഇങ്ങനെ വികാരഭരിതരാവാന്‍ കഴിയുമെന്ന് ആരുകണ്ടു എന്നാണ് കോലി പറയുന്നത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് കോലി നദാലിനെയും ഫെഡററെയും പുകഴ്ത്തി രംഗത്തുവന്നത്. “ചിരവൈരികള്‍ക്ക് പരസ്പരം ഇങ്ങനെ വികാരഭരിതരാവാന്‍ കഴിയുമെന്ന് ആരുകണ്ടു. അതാണ് കായികമത്സരങ്ങളുടെ സൗന്ദര്യം. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും സുന്ദരമായ കായിക ചിത്രമാണ്. നിങ്ങളുടെ സഹചാരികള്‍ നിങ്ങള്‍ക്കൊപ്പം കരയുമ്പോള്‍ ദൈവം തന്ന കഴിവുകൊണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞെന്ന് നിങ്ങള്‍ക്കറിയാം. ഇരുവരോടും ബഹുമാനം.’- കോലി കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടെന്നിസില്‍ നിന്ന് വിരമിച്ച ഇതിഹാസ താരം റോജര്‍ ഫെഡററുടെ അവസാന മത്സരം വികാരനിര്‍ഭരമായിരുന്നു. ലേവര്‍ കപ്പില്‍ തന്റെ അവസാന മത്സരം കളിച്ച താരം പരാജയത്തോടെയാണ് കളിക്കളത്തോട് വിടപറഞ്ഞത്. യൂറോപ്പ് ടീമിനു വേണ്ടി ഇറങ്ങിയ ഫെഡററും റാഫേല്‍ നദാലും അടങ്ങുന്ന സഖ്യം ലോക ടീമിനു വേണ്ടി ഇറങ്ങിയ ജാക് സോക്ക്- ഫ്രാന്‍സസ് ടിയെഫോ സഖ്യത്തോട് പരാജയപ്പെടുകയായിരുന്നു. മത്സരത്തിനു ശേഷം ഫെഡററിനും നദാലിനും കണ്ണീരടക്കാനായില്ല.
കളിക്കളത്തില്‍ ഫെഡററുടെ ഏറ്റവും വലിയ എതിരാളികളില്‍ ഒരാളായിരുന്നു റാഫേല്‍ നദാല്‍. എന്നാല്‍, കളത്തിനു പുറത്ത് ഇരുവരും വളരെ ഊഷ്മളമായ സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ലേവര്‍ കപ്പിനു ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഫെഡററിന് വികാരനിര്‍ഭരമായ ആശംസയും നദാല്‍ പങ്കുവച്ചിരുന്നു.