ലണ്ടൻ: ഫിഫ 23 ടീം ഒഫ് ദ ഇയർ ചുരുക്കപ്പട്ടിക പുറത്ത്. സൗദി അറേബ്യൻ ക്ലബായ അൽ നാസർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ചുരുക്കപ്പട്ടികയിൽ ഇല്ല. ടീം ഒഫ് ദ ഇയർ എന്ന ആശയം വീഡിയോ ഗെയിം നിർമാതാക്കളായ ഇ എ സ്പോർട്സ് 2009ൽ അവതരിപ്പിച്ചതിന് ശേഷം ആദ്യമായാണ് റൊണാൾഡോയുടെ പേര് പട്ടികയിൽ ഇല്ലാതിരിക്കുന്നത്.
പി എസ് ജി താരങ്ങളായ ലയണൽ മെസി, എംബാപ്പെ, നെയ്മർ എന്നിവർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 100 പേരുടെ ചുരുക്കപ്പട്ടികയാണ് പുറത്തുവിട്ടത്. ഇതിൽ നിന്ന് വോട്ടിംഗിലൂടെയാണ് അന്തിമ ഇലവനെ തിരഞ്ഞെടുക്കുക. വിവിധ ക്ലബുകളിൽ നിന്നുള്ള നൂറു താരങ്ങളിൽ നിന്ന് അന്തിമ ഇലവനെ തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പ് ജനുവരി 17 വരെ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
12 മാസത്തെ ഫുട്ബാൾ മത്സരങ്ങൾ വിലയിരുത്തി ലോകത്തിലെ മികച്ച നൂറു ഫുട്ബാൾ കളിക്കാരെ തങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുകയാണെന്നാണ് ഇ എ സ്പോർട്സ് വ്യക്തമാക്കിയത്. ജനുവരി 19ന് ഇ എ സ്പോർട്സ് ടീം ഒഫ് ദ ഇയറിനെ പ്രഖ്യാപിക്കും.
2009ലെ ടീം ഒഫ് ദ ഇയറിൽ ഇടംപിടിച്ചവരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂടാതെ മെസിയും സെർജിയോ റാമോസും മാത്രമാണ് ഇപ്പോൾ ഫുട്ബാളിൽ സജീവമായുള്ളത്. 2022ലെ ടീം ഒഫ് ദ ഇയറിലെ അന്തിമ ഇലവനിൽ റൊണാൾഡോയുണ്ടായിരുന്നില്ല. മെസി, എംബാപ്പെ, റോബർട്ട് ലെവൻഡോവ്സ്കി എന്നീ താരങ്ങളുണ്ടായിരുന്നു.