അയാൾ എനിക്ക് ‘മറ്റേ റൊണാൾഡോ’ അല്ല ! ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നമ്പർ 9: ബ്രസീലിന്റെ സൂപ്പർ താരം റൊണാൾഡോ നസരിയോയെപ്പറ്റി ജിതേഷ് മംഗലത്ത് എഴുതുന്നു

ലോകം പന്തിലേയ്ക്ക്

Advertisements
ജിതേഷ് മംഗലത്ത്

1998 ജൂലൈ 12
പാരീസ് ആ വർഷത്തെ ഏറ്റവും വലിയ കായിക സംഭവത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്.ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്ന ദിനം.ലോകകപ്പ് ഫൈനൽ സായാഹ്നം.ഫുട്ബോൾ രക്തത്തിലലിഞ്ഞു ചേർന്ന കാനറികൾ സിനദിൻ സിദാന്റെ ഫ്രഞ്ച് പടയെ നേരിടുന്നു.ലോകത്തിന്റെ ഫാഷൻ തലസ്ഥാനം അടിമുടി ഫുട്ബോളിലും,അതിന്റെ നിറങ്ങളിലും മുങ്ങിക്കുളിച്ചു നിൽപ്പാണ്.പ്രാദേശിക സമയം 7:48ന്,കിക്കോഫിന് 72 മിനുറ്റുകൾക്ക് മുമ്പ് ബ്രസീൽ ടീം മാനേജർ മരിയാ സഗാലോ തങ്ങളുടെ ടീമിന്റെ ടീം ഷീറ്റ് ഫിഫയ്ക്ക് സമർപ്പിക്കുന്നതോടെ കായികലോകം അമ്പരന്നു പോയ മുപ്പതു മിനിറ്റുകൾക്ക് തുടക്കം കുറിക്കുകയാണ്.ബ്രസീൽ ഇലവനിൽ അവരുടെ ഒമ്പതാം നമ്പർ കളിക്കാരൻ,അവരുടെ സൂപ്പർസ്റ്റാർ റൊണാൾഡോ നസരിയോ ഇല്ല.പകരം എഡ്മുൻഡോയുടെ പേരാണ് ലിസ്റ്റിൽ.ബി.ബി.സി വിവരം പുറത്തുവിട്ടതോടെ ഫുട്ബോൾ ലോകം നടുങ്ങി.പല തിയറികളും പ്രചരിച്ചു തുടങ്ങി.ഒടുവിൽ 8:18ന് ബ്രസീൽ ടീം മാനേജ്മെന്റ് തങ്ങളുടെ പുതുക്കിയ ടീം ഇലവൻ സമർപ്പിച്ചു.അതിൽ അയാളുണ്ട്;ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നമ്പർ 9.പിന്നീട് സംഭവിച്ചത് പക്ഷേ ഒരു ബ്രസീലിയൻ ആരാധകനും ഓർക്കാൻ ഇഷ്ടപ്പെടാത്ത തൊണ്ണൂറു മിനിറ്റുകളാണ്.തന്റെ ഏറ്റവും മോശം ഫോമിന്റെ പോലും നിഴലെന്ന് തോന്നിക്കുമാറ് ഫീൽഡിൽ ഉഴറി നടന്ന റൊണാൾഡോയെ സാക്ഷി നിർത്തി സിദാനും കൂട്ടരും 3 ഗോളുകൾക്ക് കാനറികളുടെ ചിറകരിഞ്ഞു.നായകന്റെ വെള്ളിവെളിച്ചത്തിൽ നിന്നും,പരാജിതന്റെ നിഴലിലേക്ക് റൊണാൾഡോ വിഹ്വലനായി മറഞ്ഞു.വികാരങ്ങൾ മറയേതുമില്ലാതെ പ്രതിഫലിക്കുന്ന അയാളുടെ ടിപ്പിക്കൽ ലാറ്റിനമേരിക്കൻ മുഖത്ത് തീവ്രമായ നിരാശയും,വേദനയും നിറഞ്ഞു.ചിലരെങ്കിലും ഗാലറിയിലിരുന്ന് അയാളെ കൂവിവിളിക്കുന്നുണ്ടായിരുന്നു.ബെബറ്റോയും,റോബർട്ടോ കാർലോസും അയാളെ ചേർത്തു പിടിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാർലോസിന്റെ ഓർമ്മകൾ മണിക്കൂറുകൾ മുമ്പിലേക്കു പാഞ്ഞു.ലഞ്ച് ടൈം കഴിഞ്ഞ് അയാളും,റൊണാൾഡോയും മുറിയിൽ വിശ്രമിക്കുന്നു.പെട്ടെന്നാണ് റൊണാൾഡോയ്ക്ക് ഫിറ്റ്സ് വരുന്നത്.ദേഹമാസകലം കോച്ചിവലിച്ച് അയാൾ നിലത്തേക്കു വീഴുന്നു.വായിൽ നിന്ന് നുരയും പതയും വരുന്നുണ്ട്.കാർലോസിന്റെ അലറിക്കരച്ചിൽ കേട്ടാണ് എഡ്മുൺഡോയും,സാമ്പിയോയും പാഞ്ഞെത്തുന്നത്.സാമ്പിയോയുടെ കൃത്യസമയത്തുള്ള പ്രഥമശുശ്രൂഷ റൊണാൾഡോ നാവു വിഴുങ്ങുന്നതിനുള്ള അപകടസാധ്യതയെ ഒഴിവാക്കുന്നു.നിമിഷങ്ങൾക്കുള്ളിൽ റൊണാൾഡോ അബോധാവസ്ഥയിലാകുന്നു.ടീം ഡോക്ടർ ആ ഹോട്ടൽ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങുന്നത് വിതുമ്പിക്കരഞ്ഞുക്കൊണ്ടാണ്.ബ്രസീലിന്റെ ലോകകപ്പ് ഇവിടെ അവസാനിച്ചിരിക്കുന്നു എന്ന് അവിടെക്കൂടിയ ഓരോരുത്തരും മനസ്സിലാക്കി.മുക്കാൽ മണിക്കൂറിനു ശേഷം റൊണാൾഡോ കണ്ണുതുറന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് ഒരു സഹകളിക്കാരൻ പോലും അയാളോട് പറഞ്ഞില്ല.തുടക്കത്തിൽ സഗാലോ അയാളെ കളിപ്പിക്കാൻ സന്നദ്ധനായിരുന്നില്ല.എന്നാൽ റൊണാൾഡോയുടെ നിർബന്ധം,തന്റെ ഏറ്റവും മികച്ച കളിക്കാരന് അയാളുടെ കരിയറിലെ ഏറ്റവും വലിയ സ്റ്റേജ് ഒരുക്കിക്കൊടുക്കാൻ അയാളെ പ്രലോഭിപ്പിച്ചു.മണിക്കൂറുകൾക്കു ശേഷം ആ കളിക്കാരൻ വിലോഭനീയമായ ഒരു ടൂർണമെന്റിലെ ഏറ്റവും അഭിശപ്തമായ തൊണ്ണൂറു മിനിറ്റുകൾ കളിച്ചു തീർത്തു.

റൊണാൾഡോ കാൽപ്പനികമായ ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിലെ നിശ്ചയദാർഢ്യത്തിന്റെ ഏറ്റവും തിളക്കമുറ്റ ഏടാണ്.ഓരോ തിരിച്ചടിയിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുന്ന എന്റെ പ്രിയപ്പെട്ട ഓ ഫിനോമെനോ അയാളുടെ ഏറ്റവും മികച്ച ക്ലിനിക്കൽ ഫിനിഷുകളെപ്പോലെ എന്നെ ഇപ്പോഴും കോരിത്തരിപ്പിക്കാറുണ്ട്.നിങ്ങളിൽ പലരുമയാളെ ‘മറ്റേ റൊണാൾഡോ’എന്ന് വിശേഷിപ്പിക്കുമ്പോൾ എനിക്കയാൾ മറ്റൊരു റൊണാൾഡോയല്ല;അയാളാണെന്റെ ആദ്യത്തെ റൊണാൾഡോ.തൊണ്ണൂറുകളുടെ രണ്ടാം പകുതിയിലെ ഒരു റൊണാൾഡോയുണ്ട്;കൃത്യമായി പറഞ്ഞാൽ 1994 മുതൽ 1998 വരെയുള്ള റൊണാൾഡോ.പേസിന്റെയും,ടെക്നിക്കിന്റെയും കാര്യത്തിൽ മെസ്സിയേയും,ക്രിസ്റ്റ്യാനോയേയും ഒരുപടി പുറകിലേക്കു നിർത്തുന്ന അത്ലറ്റിക് പീക്കായിരുന്നു ആ റൊണാൾഡോ.റൊണാൾഡീന്യോ കാഴ്ച്ച വെച്ചിരുന്ന ട്രിക്കുകൾ അയാൾക്കുമുമ്പ് വൺ ടു വൺ മാച്ചപ്പുകളിൽ നിർലോഭം കാഴ്ച്ചവെച്ചിരുന്ന റോണാൾഡോയായിരുന്നു അത്.ബാലെ നർത്തകനെപ്പോലെ അത്തരം മാച്ച് സിറ്റ്വേഷനുകളിൽ അയാൾ ഡിഫൻഡർമാരെ വകഞ്ഞുമാറ്റി.ടു പേസ്ഡ് ഡ്രിബിളുകളിൽ വിഖ്യാത സെന്റർബാക്കുകൾ പലരും നിസ്സഹായരായി വീണുപോയി.ബോക്സിലും,അതിന് സമീപമുള്ള അപകടകരമായ സ്പേസുകളിലും അയാൾ നിരന്തരം ഫൗളുകൾക്കായി അവരെ പ്രലോഭിപ്പിച്ചു.ബോൾ ട്രാൻസിഷനുകളിൽ അവർ വഞ്ചിതരായിക്കൊണ്ടേയിരുന്നു.

ഐന്തോവനിലും,ബാഴ്സയിലും അപകടകാരിയായ അയാളുടെ ‘എലീറ്റ് ബേഴ്സ്റ്റ്’ അതിന്റെ പീക്കിനെ സ്പർശിച്ചത് സാൻസിറോയിൽ എത്തുന്നതോടെയാണ്.വിഖ്യാതമായ സ്പോർട്സ് കാറുകളെ അനുസ്മരിപ്പിക്കുമാറ്,പന്ത് കാലിൽ കിട്ടുന്ന നിമിഷം മാത്രകൾ കൊണ്ട് ടോപ് ഗിയറിലെത്തുന്ന ഓ ഫിനോമെനോ എതിരാളിയുടെ അലസതയെ സെക്കൻഡുകൾ കൊണ്ട് മുച്ചൂടും നശിപ്പിക്കുമായിരുന്നു.പ്രൈം മെസ്സിയെ വെല്ലുന്ന നിരവധി ബുള്ളറ്റ് ലൈക്ക് ബേഴ്സ്റ്റ് മോഡുകൾ 98 ന് മുമ്പുള്ള റൊണാൾഡോ ഫൂട്ടേജുകളിൽ കാണാം.ഫ്ലാങ്കുകളിൽ നിന്ന് സെന്ററിലേക്കും,തിരിച്ചും,സിഗ്സാഗ് പാറ്റേണുകളിലും ഒക്കെ ഗ്രാവിറ്റിയെ വെല്ലുവിളിച്ചു കൊണ്ട് വിന്റേജ് റൊണാൾഡോ ടീം സ്പേസ് സൃഷ്ടിച്ചു കൊണ്ടേയിരുന്നു.അയാൾക്കൊപ്പം ടീം തന്നെ ആ ശൈലിയുടെ ഗുണഭോക്താക്കളായി.രണ്ടോ അതിൽ കൂടുതലോ ഡിഫൻഡർമാരെ എതിരിടുമ്പോൾ ഗ്യാപ്പുകൾ സ്പ്ലിറ്റ് ചെയ്യുന്ന ‘സ്വിം മൂവു’കൾ അയാൾ സൃഷ്ടിക്കുമായിരുന്നു.വശങ്ങളിലേക്കു വിടരുന്ന കൈകൾ വായുവിൽ തുഴഞ്ഞു കിട്ടുന്ന പ്രവേഗം ഫൗളുകളിൽ നിന്നുകൂടി അയാളെ സുരക്ഷിതനാക്കി.നിരന്തരമായ പരിക്കുകൾക്കും,യൂറോപ്യൻ ഫുട്ബോളിനുമനുസരിച്ച് തന്റെ കേളീശൈലിയിൽ മാറ്റങ്ങൾ വരുത്തുമ്പോഴും ടൂഫൂട്ടഡ് ഷൂട്ടർ എന്ന തന്റെ യുണീക്കായ ടെക്നിക്കിൽ അയാൾ വിട്ടുവീഴ്ച്ചകൾക്ക് തയ്യാറായിരുന്നില്ല.

98 ഫൈനലിലെ ദുരന്തത്തിനു ശേഷം റൊണാൾഡോ ലോകകപ്പ് ഫൈനൽ റൗണ്ടിലേക്ക് തിരിച്ചുവരുന്നത് സമാനതകളില്ലാത്ത വിധമാണ്.നാലു വർഷങ്ങൾ,ആ ട്രോഫി താൻ കൈകൊണ്ട് താലോലിക്കുന്നത് എത്രയോ തവണ കണ്ണാടിക്കു മുന്നിൽ പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്ന് അയാൾ ഓർമ്മിച്ചെടുക്കുന്നുണ്ട്.2002 അയാൾക്കൊരു റിഡംപ്ഷൻ പോയന്റായിരുന്നു.അത്രയ്ക്ക് ഹൈ പ്രൊഫൈൽഡല്ലാത്തൊരു ടീമിനെ തന്റെ ക്ലിനിക്കൽ ഫിനിഷുകളിലൂടെ അയാൾ മുന്നോട്ടു തന്നെ നയിച്ചു.ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലൊഴിച്ച് എല്ലാ മത്സരത്തിലും അയാൾ ഗോൾ കണ്ടെത്തി.സെമിഫൈനലിൽ തുർക്കിക്കെതിരെ റണ്ണിനൊപ്പം തന്നെ ബാക്ക് ലിഫ്റ്റിനാൽ സ്കോർ ചെയ്ത ആ ടോ-പോക്ക് ഫിനിഷ് ഒരു സ്ട്രൈക്കറെന്ന നിലയിൽ എത്രത്തോളം ലിതലും,ക്ലീനും,പെർഫെക്ടുമാണ് R9 എന്ന് തെളിയിക്കുന്നതാണ്.ബിഗ് സ്റ്റേജ്,ബിഗ് മാച്ച്& എ ഫുട്സാൽ ലൈക്ക് ഗോൾ!ക്രേസി ജീനിയസ് ❤️ഫൈനലിൽ രണ്ട് ഗോളും സ്കോർ ചെയ്ത് ജർമ്മനിയെ ഒറ്റയ്ക്കു കീഴടക്കിയ അയാൾ തന്നെയാണ് മത്സരശേഷം ആദ്യം ജർമ്മൻ കളിക്കാരെ ആശ്വസിപ്പിക്കാനോടിയെത്തിയതും.തോൽവിയുടെ ഭാരം അയാളോളം തീവ്രമായി അറിഞ്ഞവർ അന്നാ അരീനയിൽ ഉണ്ടായിരുന്നിരിക്കില്ലല്ലോ.12 ഗോളുകളോടെ റൊണാൾഡോ അന്ന് പോഡിയത്തിൽ ടോപ് സ്കോറർ അവാർഡും,ലോകകപ്പും പിടിച്ചു നിൽക്കുന്നത് നിറകണ്ണുകളോടെ കണ്ടവരുടെ കൂട്ടത്തിൽ ഒരു ഫ്രഞ്ച് സർജനുമുണ്ടായിരുന്നു.ജെറാർഡ് സയിലന്റ്..റൊണാൾഡോയുടെ നീ സർജറി നടത്തിയ ഡോക്ടർ.അന്നയാൾ ഇങ്ങനെ പറഞ്ഞു”ഇത് ഓരോരുത്തർക്കും പ്രചോദനമേകുന്ന നിമിഷമാണ്.തീർന്നെന്നു തോന്നുന്ന നിമിഷങ്ങളിൽ നിന്നും സ്വയം പ്രചോദിതമായി തന്നോടു തന്നെയും പൊരുതി താൻ അർഹിക്കുന്ന എലീറ്റ് സ്പേസിൽ സ്വയം അവരോധിക്കാൻ കഴിഞ്ഞ അതുല്യപ്രതിഭയാണ് ഈ മനുഷ്യൻ”

റൊണാൾഡോ ലൂയിസ് നസാരിയോ ഡി ലിമ എനിക്ക് മറ്റൊരു റൊണാൾഡോയല്ലതന്നെ.20 കൊല്ലം മുമ്പ് പ്രശാന്തിയിലെ ടി.വിക്കു മുമ്പിലിരുന്ന് കണ്ട ഒരു ലോകകപ്പ് ഫൈനലിൽ എതിർ ടീമിനെ തന്റെ മാജിക് വാൻഡിനൊത്ത് ചലിക്കുന്ന പാവകളാക്കിയ,എന്നെന്നേക്കുമായി ആ ബാക്ക് ഹീലുകളുടെയും,ഡെഫ്റ്റ് ടച്ചുകളുടെയും ആരാധകനാക്കിയ,ക്ലിനിക്കൽ ഫിനിഷിങ്ങിന് R9 എന്ന് നിർവചനം ചമച്ച,പരിക്കുകളും ഹോർമോൺ വ്യതിയാനങ്ങളും ചതിച്ചില്ലായിരുന്നെങ്കിൽ താരതമ്യങ്ങൾക്കപ്പുറത്ത് ഗോട്ട് എന്നു നിസ്സംശയം വിശേഷിപ്പിക്കാമായിരുന്ന ‘ദി റൊണാൾഡോ’ആണ് എനിക്കയാൾ.ഓ ഫിനോമെനോ,ദി ഫിനോമെനൻ 💛💛

Hot Topics

Related Articles