യോഗം ചേര്‍ന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞതിന് എതിരായി തെളിവ്; വനം-ജല വകുപ്പ് മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നത രൂക്ഷം

തിരുവനന്തപുരം: വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ തള്ളി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്ത്. ജലവകുപ്പ് ഉദ്യോഗസ്ഥര്‍ ബേബിഡാമിന് സമീപത്തെ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്നും ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിട്ടില്ലെന്നും റോഷി അഗസ്റ്റില്‍ പറഞ്ഞു. ഈ മാസം ഒന്നാം തിയ്യതി അനൌദ്യോഗികമായി പോലും യോഗം ചേര്‍ന്നിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട് ഉദ്യോഗസ്ഥരുമാണ് സംയുക്ത പരിശോധനക്ക് പോയതെന്നും മന്ത്രി വിശദീകരിച്ചു. എന്നാല്‍ റോഷി പറഞ്ഞതിന് വിപരീതമായി ജലവിഭവ വകുപ്പ് അഡീ. സെക്രട്ടറി അന്നേദിവസം യോഗം ചേര്‍ന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നു.

Advertisements

ജലവിഭവ വകുപ്പില്‍ നിന്ന് ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും അങ്ങനെയൊരു ഉത്തരവുണ്ടെന്ന് തെളിയിച്ചാല്‍ മരവിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മരംമുറിക്ക് ഒരു വകുപ്പും തീരുമാനമെടുത്തിട്ടില്ലെന്ന് വിശദീകരിച്ച റോഷി, ഒരു ഡിപ്പാര്‍ട്ട്‌മെന്റിലും വീഴ്ച ഉണ്ടാകാന്‍ പാടില്ലെന്നും വീഴ്ച ഉണ്ടായെങ്കില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. പുതിയ ഡാം മുല്ലപ്പെരിയാറില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞാല്‍ അതാണ് സര്‍ക്കാരിന്റെ നയമെന്നും അതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും മന്ത്രി വിശദീകരിച്ചു. ഇതോടെ മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരംമുറി ഉത്തരവില്‍ വനം- ജല വകുപ്പ് മന്ത്രിമാര്‍ തമ്മില്‍ ഭിന്നത രൂക്ഷമാകുകയാണ്. ജൂണ്‍ 11ന് നടന്ന സംയുക്ത പരിശോധനയെ കുറിച്ച് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി ചെയര്‍മാന്റെ കത്ത് പുറത്തായതോടെയാണ് സര്‍ക്കാര്‍ സഭയില്‍ തിരുത്തിപ്പറഞ്ഞത്.

Hot Topics

Related Articles