കോട്ടയം : റബര്‍ കൃഷി വ്യാപകവും വിപുലവുമാക്കാൻ ‘ആത്മ’യുടെ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തണമെന്നും ഇതിനായി അടിയന്തര നടപടിയെടുക്കാന്‍ റബര്‍ ബോര്‍ഡ് യോഗം തീരുമാനിക്കണമെന്നും ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍ എന്‍ ഹരി ആവശ്യപ്പെട്ടു. പദ്ധതിയുടെ പത്തുശതമാനമെങ്കിലും കേരളത്തിലെ റബര്‍ കൃഷി വ്യാപനത്തിന് വിനിയോഗിക്കണം. ഇക്കാര്യത്തിന്റെ ഗൗരവം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ ബോര്‍ഡ് തലത്തില്‍ കൊണ്ടുവരണമെന്ന് റബര്‍ ബോര്‍ഡ് യോഗത്തില്‍ ഹരി ആവശ്യപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും റബര്‍ കൃഷി വ്യാപകമാക്കാനുളള 1,100 കോടി രൂപയുടെ വന്‍പദ്ധതിയുടെ ഭാഗമായി ഇതുവരെ 30 ശതമാനം സ്ഥലത്ത് റബര്‍ കൃഷി ആരംഭിച്ചതായി ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന് (ആത്മ ATMA) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രണ്ടുലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷി ആരംഭിക്കുമെന്നും ഇതില്‍ കേരളത്തെ പരിഗണിച്ചിട്ടില്ലെന്നും ചെയര്മാന് അര്‍ണബ് ബാനര്‍ജി വ്യക്തമാക്കിയിരുന്നു.
സിഎസ്ആര്‍ഫണ്ട് വിനിയോഗിച്ചുളള ഈ പദ്ധതിയില്‍ കേരളത്തെ മാത്രം മാറ്റി നിര്‍ത്താന്‍ കഴിയില്ല. കേന്ദ്രമന്ത്രി തലത്തിലുളള ഇടപെടലിനും ശ്രമിക്കും. റബര്‍ ഉത്പാദനത്തില്‍ ഒന്നാമത് നില്ക്കുന്ന കേരളത്തെ ഒഴിവാക്കാനുളള അജണ്ട നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് ഹരി പറഞ്ഞു. ഇത് കേരളത്തിലെ റബര്‍ കര്‍ഷക സമൂഹത്തിന്റെ പൊതു ആവശ്യമാണ്. പുതുതായി റബര്‍ കൃഷി ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നത് എന്നത് ശരിയല്ല. ആഭ്യന്തര റബര്‍ ലഭ്യത വര്‍ധിപ്പിക്കലാണ് ആത്യന്തികമായി ആത്മ ലക്ഷ്യമിടുന്നതെന്നു വ്യക്തം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ നാല്പതുശതമാനത്തോളം റബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് നടക്കാത്ത അവസ്ഥയാണ്. കൂടാതെ ആവര്‍ത്തന കൃഷിയ്ക്കായി റബര്‍ നടുന്നുമില്ല. ആത്മയുടെ നിലപാട് അനുസരിച്ച് കേരളത്തിന്റെ ഭൂപ്രകൃതിയില്‍ പുതുതായി കൃഷി ആരംഭിക്കാന്‍ ഇനി ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ല. എന്നാല്‍ കേരളത്തില്‍ തോട്ടങ്ങള്‍ പാഴായി കിടക്കുകയാണ്. ആവര്‍ത്തന കൃഷിക്കായി പ്രസ്തുത തോട്ടങ്ങള്‍ ഉപയോഗപ്പെടുത്താതെ മറ്റു വിളകളിലേക്ക് തിരികെയുമാണ് കേരളത്തിലെ കര്‍ഷകര്‍.ഈ സാഹചര്യം പ്രയോജനപ്പെടുത്തി കേരളത്തിലെ തോട്ടങ്ങളില്‍ റബര്‍ ആവര്‍ത്തന കൃഷി വ്യാപിപ്പിക്കുന്നതിനും അതുവഴി റബര്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാനും ആണ് ആത്മമുന്കൈയെടുക്കേണ്ടത്.വെറുതെ കിടക്കുന്ന തോട്ടങ്ങളില്‍ ആവര്‍ത്തന കൃഷിക്കായിആത്മ ഈ പദ്ധതിയെ ഉപയോഗിക്കണം. കേരളം പോലെ റബര്‍ കൃഷിക്ക് വളരെ അനുകൂലമായ അന്തരീഷമുളള സംസ്ഥാനത്ത് നിലവിലുളള ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരണം. പ്രതിസന്ധി നേരിടുന്ന കേരളത്തിലെ കര്‍ഷകരെയും പദ്ധതിയുടെ ഗുണഭോക്താക്കളാക്കണം.