കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസില്‍ മര്‍ദ്ദനത്തിന് ഇരയായ യുവതിയുടെ പരാതി ഭാഗികമായി തള്ളി പ്രതിയുടെ അമ്മ ഉഷ. മകൻ രാഹുല്‍ മര്‍ദ്ദിച്ചുവെന്നും എന്നാല്‍ അതിന്റെ കാരണം യുവതി ആരോപിക്കുന്നത് പോലെ സ്ത്രീധനമല്ലെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. യുവതിയുടെ ഫോണില്‍ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദ്ദനത്തിലെത്തിയത്. അങ്ങോട്ടും ഇങ്ങോട്ടും വാക്കുതര്‍ക്കമുണ്ടായി. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായിട്ടില്ല.
യുവതി വിവാഹം കഴിഞ്ഞ് വന്ന അന്ന് മുതല്‍ തങ്ങളുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് വന്നിരുന്നത്. രോഗിയായതിനാല്‍ താൻ മുകളിലേക്ക് പോകാറില്ല. മര്‍ദ്ദനം നടക്കുന്നത് താൻ അറിഞ്ഞിരുന്നില്ല. മകന് നേരത്തെ നിശ്ചയിച്ച കല്യാണം പെണ്‍കുട്ടിയുടെ വീട്ടുകാർ പിന്മാറിയതിനെ തുടർന്ന് മുടങ്ങിയിരുന്നു. ഇവ രണ്ടും വിവാഹത്തിലെത്തിയിരുന്നില്ല. ഇന്നലെ വൈകിട്ട് 3 വരെ രാഹുല്‍ വീട്ടില്‍ ഉണ്ടായിരുന്നെന്നും അമ്മ ഉഷ പറഞ്ഞു.