തിരുവനന്തപുരം : യുഡിഎഫ് സർക്കാരിനെതിരെയുള്ള എല്‍ഡിഎഫിന്റെ സോളാർ സമരം ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പിൻവലിച്ചെന്ന ജോണ്‍ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആരാദ്യം ചർച്ച നടത്തി എന്നതിന് ഇനി പ്രസക്തിയില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. ക്രമസമാധാന പ്രശ്നം ഒഴിവാക്കാൻ പല ഭരണവൈദഗ്‌ധ്യവും ഞങ്ങള്‍ കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജിയായിരുന്നു സിപിഎമ്മിന്റെ ആവശ്യം. അത് അംഗീകരിക്കാനാവില്ല എന്ന് ഞങ്ങള്‍ ഉറച്ച നിലപാടെടുത്തുവെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഒത്തുതീർപ്പ് അഡ്ജസ്റ്റ്മെന്റ് ആയിരുന്നോ എന്ന് പറയേണ്ടത് സിപിഎം ആണ്. ടിപി കേസുമായി സോളാർ കേസിനെ ബന്ധിപ്പിക്കുന്നത് ചില തുന്നല്‍ വിദഗ്ധരാണ്. ഇരു കേസുകളും തമ്മില്‍ ഒരു ബന്ധവുമില്ല. താൻ നടത്തിയ എല്ലാ ചർച്ചകളും ഉമ്മൻചാണ്ടിയുടെ അറിവോടെ ആയിരുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു.
അതേസമയം, വെളിപ്പെടുത്തലില്‍ വെട്ടിലായിരിക്കുകയാണ് സിപിഎം. സമരം പിൻവലിച്ച രീതിയെ 2013 ല്‍ തന്നെ എതിർത്ത സിപിഐക്ക് പുതിയ വിവാദത്തിലും അതൃപ്തിയുണ്ട്. ഒത്തുതീര്‍പ്പ് വിവരം പുറത്ത് വരുമ്പോഴും കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷനേതാവും ഇതുവരെ പ്രതികരിച്ചിട്ടില്ല. സർവ്വശക്തിയും സമാഹരിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാജിക്കായുള്ള സെക്രട്ടറിയേറ്റ് സമരം പെട്ടെന്ന് നിർത്തിയതില്‍ അന്ന് തന്നെ തന്ന അമ്പരപ്പും സംശയങ്ങളുമുയർന്നിരുന്നു. ആരാണ് ചർച്ചക്ക് മുൻകൈ എടുത്തത് എന്നതില്‍ മാത്രമാണ് ഇപ്പോഴത്തെ തർക്കം. പക്ഷേ സിപിഎം നേതൃത്വത്തിന്റെ അറിവോടെ ചർച്ച നടന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് സമ്മതിച്ചു. ചർച്ച മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും സ്ഥിരീകരിച്ചു. വിവാദം മുറുകുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിട്ടില്ല എന്നതാണ് വസ്തുത.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആവശ്യം നേടിയെടുക്കാതെ ധാരണയുടെ പുറത്ത് സമരം നിർത്തിയത് അണികളോട് ഇതുവരെ കൃത്യമായി വിശദീകരിക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല. ജോണ്‍ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തല്‍ പാർട്ടി നേതാക്കള്‍ അംഗീകരിക്കുന്നില്ല. ആവശ്യങ്ങള്‍ പൂർണ്ണമായും അംഗീകരിക്കാതെ പൊതുതാത്പര്യം മുൻനിർത്തി സമരങ്ങള്‍ നിർത്താമല്ലോ എന്നൊക്കെ ചില നേതാക്കള്‍ അനൗദ്യോഗികമായി പറയുന്നുണ്ട്. ബാർ കോഴ സമര കാലത്ത് സോളാറിലെ ഒത്തുതീർപ്പിനെ കുത്തിയായിരുന്നു സിപിഐയുടെ പരസ്യ പ്രതികരണം. വിവാദം വീണ്ടും മുറുകുമ്ബോള്‍ സിപിഐക്ക് അതൃപ്തിയുണ്ട്. സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനുള്ള മികച്ച അവസരമായിട്ടും കോണ്‍ഗ്രസ് എടുത്തു ചാടുന്നില്ല. സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം വരട്ടെയെന്നാണ് ചില നേതാക്കള്‍ പറയുന്നത്. തിരുവഞ്ചൂർ ഒഴികെ കെ സുധാകരനും വിഡി സതീശനും ഇതുവരേയും പ്രതികരിച്ചിട്ടില്ലെന്നതും യാഥാർത്ഥ്യമാണ്. ധാരണയുടെ അടിസ്ഥാനത്തിലെ സമര പിന്മാറ്റത്തിൻ്റെ വിവരങ്ങള്‍ ക്ഷീണമാകുമെന്ന വിലയിരുത്തല്‍ നേതാക്കള്‍ക്കിടയിലുണ്ട്.