കൊൽക്കത്ത : ലൈംഗിക ആരോപണം നേരിടുന്ന ബംഗാള്‍ ഗവർണർ സി വി ആനന്ദബോസിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന ഗവർണർ എന്ത് കൊണ്ടാണ് ഇതുവരെയും രാജി വെക്കാത്തതെന്ന് ചോദിച്ച മമത, ഇക്കാര്യം ഗവർണർ ജനങ്ങളോട് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇനിയും രാജി വൈകിക്കാനാകില്ലെന്നും എത്രയും വേഗം ഗവർണർ രാജിവെക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം രണ്ട് തവണ ആനന്ദബോസില്‍ നിന്ന് പീഡനശ്രമമുണ്ടായെന്നാണ് രാജ്ഭവൻ താത്കാലിക ജീവനക്കാരിയായ പരാതിക്കാരി വ്യക്തമാക്കിയിട്ടുള്ളത്. ഏപ്രില്‍ 24 ന് ഗവർണ്ണറുടെ മുറിയില്‍ വച്ചായിരുന്നു ആദ്യ ശ്രമം. മെയ് 2 ന് കോണ്‍ഫറൻസ് റൂമില്‍ വച്ച് വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. രണ്ട് തവണ പീഡന ശ്രമമുണ്ടായെന്നും നുണപരിശോധനക്ക് വിധേയയാകാൻ താൻ തയ്യാറാണെന്നുമാണ് പരാതിക്കാരി പറഞ്ഞത്.
അതേസമയം അന്വേഷണ സംഘത്തിന്റെ തുടര്‍ നോട്ടീസുകളോട് രാജ് ഭവന് ജീവനക്കാര്‍ പ്രതികരിച്ചിട്ടില്ല. അതിനിടെ രാജ്ഭവനില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാൻ ഗവർണർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗവർണർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത് താല്‍ക്കാലിക ജീവനക്കാരില്‍ ഒരാളായതിനാലാണ് പരിശോധന. നിലവില്‍ 40 താല്‍ക്കാലിക ജീവനക്കാരാണ് രാജ്ഭവനില്‍ ജോലി ചെയ്യുന്നത്. ജീവനക്കാർ എന്ത് ജോലി ചെയ്യുന്നു, എത്രകാലമായി രാജ്ഭവനിലുണ്ടെന്നത് അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം നല്‍കിയിരിക്കുന്നത്.