റഷ്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള കോക്കസസ് മേഖലയിലെ നഗരമായ ഡാഗെസ്താനിലെ ജൂത സിനഗോഗിന് നേരെയും തലസ്ഥാനമായ മഖച്കലയിലെ ( Makhachkala) പോലീസിനെ ലക്ഷ്യമിട്ടും ഒരേസമയം നടത്തിയ ഭീകരാക്രമണത്തില്‍ മരണ സംഖ്യ ഉയര്‍ന്നു. 15 പൊലീസ് ഉദ്യോഗസ്ഥരും ഒരു പുരോഹിതനും കൊല്ലപ്പെട്ടു. അതേസമയം സിനഗോഗിലും ഓര്‍ത്തഡോക്സ് പള്ളിയിലുമായി നിരവധി വിശ്വാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘ഇത് ഡാഗെസ്താനിനും മുഴുവൻ രാജ്യത്തിനും ഒരു ദുരന്ത ദിനമാണ്’ എന്നാണ് ഡാഗെസ്താൻ മേഖലയുടെ ഗവർണർ സെർജി മെലിക്കോവ് സംഭവത്തെ കുറിച്ച് പറഞ്ഞത്.
തീവ്രവാദികള്‍ ജൂതസമൂഹം താമസിക്കുന്ന പ്രദേശത്തെ സിനഗോഗും സമീപത്തെ രണ്ട് ഓർത്തഡോക്സ് പള്ളികളിലേക്കും അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം തന്നെ നഗരത്തിലെ പോലീസിന് നേരെയും ആക്രമണം നടന്നെന്ന് റഷ്യയുടെ സ്റ്റേറ്റ് മീഡിയ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെർബന്റിലെ ഓർത്തഡോക്സ് പള്ളിയിലെ പുരോഹിതന് ഫാദർ നിക്കോളായ് ഉള്‍പ്പെടെ നിരവധി സിവിലിയന്മാരും 15 ലേറെ പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെയ്പ്പിന്റെ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുനെസ്കോ പൈതൃക സൈറ്റായി ഉള്‍പ്പെടുത്തിയിരുന്ന സിനഗോഗിന് ഏതാണ്ട് മുഴുവനായും അഗ്നിക്കിരയാക്കപ്പെടുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഇതേസമയം പ്രദേശത്തിന്റെ തലസ്ഥാനമായ മഖച്കലയില്‍ ഒരു സംഘം തീവ്രവാദികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു. അപ്രതീക്ഷിതമായ വെടിവെയ്പ്പിലാണ് പൊലീസുകാരുടെ മരണ സംഖ്യ ഉയര്‍ന്നത്. വിവിധ സ്ഥലങ്ങളില്‍ നടന്ന അക്രമണങ്ങളില്‍ എത്ര സിവിലിയന്മാര് കൊല്ലപ്പെട്ടെന്നതിന് വിവരം ലഭ്യമല്ല. അതേസമയം സിനഗോഗിലും പള്ളിയിലും നിരവധി മൃതദേഹങ്ങളുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് ഗവർണർ സെർജി മെലിക്കോവ് മാധ്യമങ്ങളെ അറിയിച്ചു.